നയങ്ങളിൽ കരുത്തു കാട്ടിയ റിസർവ് ബാങ്ക് ഗവർണർ
Saturday, December 28, 2024 2:55 AM IST
ന്യൂഡൽഹി: ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്താണ് ആസൂത്രണ കമ്മീഷൻ മെംബർ സെക്രട്ടറിയായിരുന്ന മൻമോഹൻ സിംഗിനെ 1982 സെപ്റ്റംബർ 16ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) ഗവർണറായി നിയമിക്കുന്നത്.
1985 വരെ ആ പദവിയിൽ തുടർന്ന മൻമോഹന്റെ കാലത്താണ് ബാങ്കിംഗ് മേഖലയിൽ സുപ്രധാനമായ നിയമപരിഷ്കാരങ്ങൾ നടന്നത്. ആധുനിക ഇന്ത്യയുടെ സാന്പത്തികനയങ്ങൾക്ക് അടിത്തറയിട്ടത് മൻമോഹൻ സിംഗ് ആർബിഐ ഗവർണറായിരുന്ന കാലത്തെ ദീർഘവീക്ഷണമാണ്.
അദ്ദേഹം ഗവർണറായിരുന്ന കാലത്താണ് 1983ൽ റിസർവ് ബാങ്കിന്റെ അധികാരങ്ങൾ ശക്തിപ്പെടുത്തിയ ബാങ്കിംഗ് നിയമ ഭേദഗതികൾ കൊണ്ടുവന്നത്. പണപ്പെരുപ്പം 11.87 ശതമാനമായി ഉയർന്നിരുന്ന കാലത്ത് അദ്ദേഹം കൊണ്ടുവന്ന വിവിധ നയങ്ങൾ മൂലം 1985ൽ അദ്ദേഹം പദവി ഒഴിയുന്പോഴേക്കും പണപ്പെരുപ്പം 5.56 ആയി കുറയാൻ കാരണമായി. സാന്പത്തിക സംവിധാനത്തിൽ പരിഷ്കാരങ്ങൾ കൊണ്ടുവരാനുള്ള ചക്രവർത്തി കമ്മിറ്റിയുടെ രൂപീകരണത്തിലും മൻമോഹന്റെ ഇടപെടലുകളുണ്ട്.
പാക്കിസ്ഥാൻ വ്യവസായിയായിരുന്ന അഗാ ഹസൻ അബേദിയുടെ ബിസിസിഐ ബാങ്കിന് ഇന്ത്യയിൽ ശാഖകൾ തുടങ്ങാൻ ധനമന്ത്രാലയത്തിന് താത്പര്യമുണ്ടായിരുന്നെങ്കിലും മൻമോഹൻ എതിർത്തു.
മൻമോഹന്റെ എതിർപ്പ് മറികടക്കാൻ വിദേശ ബാങ്കുകൾക്ക് ലൈസൻസിംഗ് അനുവദിക്കുന്ന ആർബിഐയുടെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കാൻ മന്ത്രിസഭ ശിപാർശ ചെയ്തു. ഇതിൽ പ്രതിഷേധവുമായി മൻമോഹൻ ഗവർണർസ്ഥാനം രാജിവയ്ക്കാൻ സന്നദ്ധത അറിയിച്ചെങ്കിലും സർക്കാർ ഇടപെട്ട് അദ്ദേഹത്തെ തീരുമാനത്തിൽനിന്നു പിന്തിരിപ്പിക്കുകയായിരുന്നു.
കാഴ്ചയിൽ സൗമ്യനായിരുന്നെങ്കിലും സാന്പത്തികനയങ്ങളിൽ കരുത്തുറ്റ തീരുമാനങ്ങളെടുത്ത മൻമോഹൻ സിംഗ് 1985ൽ സ്ഥാനമൊഴിയുന്പോഴേക്കും രാജ്യത്തിന്റെ സാന്പത്തികമേഖല കുതിപ്പിന്റെ പാതയിൽ എത്തിയിരുന്നു. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായതിനുശേഷം 1985 ജനുവരി 14ന് മൻമോഹൻ സിംഗ് റിസർവ് ബാങ്ക് ഗവർണർ സ്ഥാനമൊഴിഞ്ഞ് ആസൂത്രണ കമ്മീഷൻ ഉപാധ്യക്ഷനായി ചുമതലയേറ്റു.