കെസിബിസി സമ്മേളനം പിഒസിയില്‍ മൂന്നു മുതൽ
Sunday, June 1, 2025 2:34 AM IST
കൊച്ചി: കേരള കത്തോലിക്ക മെത്രാന് സമിതിയുടെ (കെസിബിസി) വര്‍ഷകാല സമ്മേളനം ജൂണ്‍ മൂന്നു മുതൽ അഞ്ചു വരെ ആസ്ഥാനകാര്യാലയമായ പാലാരിവട്ടം പിഒസിയില്‍ നടക്കും.
മൂന്നിനു രാവിലെ 10ന് സമര്‍പ്പിത സമൂഹങ്ങളുടെ മേജര്‍ സുപ്പീരിയര്‍മാരുടെയും കെസിബിസിയുടെയും സംയുക്തയോഗം കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും.
കെസിബിസി റിലീജിയസ് കമ്മീഷന് ചെയര്മാന് ബിഷപ് മാർ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിക്കും. ‘സിനഡാത്മകത പരിപോഷിപ്പിക്കുന്നതില്‍ സന്യസ്ത സമൂഹ നേതാക്കളുടെ പങ്ക്’ എന്ന വിഷയത്തിൽ റവ. ഡോ. സാജു ചക്കാലക്കല്‍ ക്ലാസ് നയിക്കും. ഉച്ചയ്ക്ക് 12നു നടക്കുന്ന സമ്മേളനത്തില്‍ പിഒസി മലയാളം ബൈബിളിന്റെ പരിഷ്കരിച്ച പതിപ്പ് പ്രഫ. എം.കെ. സാനുവിന് നല്‍കികൊണ്ട് കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ പ്രകാശനം ചെയ്യും.
വൈകുന്നേരം അഞ്ചിന് കെസിബിസി സമ്മേളനം ആരംഭിക്കും. നാല്, അഞ്ച് തീയതികളില്‍ സഭാ നവീകരണത്തെക്കുറിച്ചും, ജൂബിലി വര്‍ഷം - 2025 ആഘോഷത്തെക്കുറിച്ചും, സഭയും സമൂഹവുമായി ബന്ധപ്പെട്ട ആനുകാലിക വിഷയങ്ങളില്‍ സ്വീകരിക്കേണ്ട നിലപാടുകളെയും നടപടികളെയും സംബന്ധിച്ചും സമ്മേളനം ചര്‍ച്ച ചെയ്യും. കേരളത്തിലെ എല്ലാ കത്തോലിക്കാ രൂപതകളുടെയും മെത്രാന്മാര് സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറലും ഔദ്യോഗിക വക്താവുമായ ഫാ. തോമസ് തറയില്‍ അറിയിച്ചു.