ബസും ബൈക്കും കൂട്ടിയിടിച്ച് ഐടി ജീവനക്കാരൻ മരിച്ചു
Sunday, June 1, 2025 2:34 AM IST
കോലഞ്ചേരി: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ ഐടി ജീവനക്കാരൻ മരിച്ചു. കോഴിക്കോട് വളയനാട് ശ്രീവിനായക കുറ്റിയിൽത്താഴം കെ.വി. വാസുദേവന്റെ മകൻ വിഷ്ണു പ്രസാദ് (27) ആണ് മരിച്ചത്.
ഇന്നലെ പുലർച്ചെ ആറോടെ കടമറ്റം നാഞ്ചിറ വളവിലായിരുന്നു അപകടം. വിഷ്ണു ഓടിച്ച ബൈക്കും തൊഴിലാളികളുമായി വരികയായിരുന്നു ബസും കൂട്ടിയിടിക്കുകയായിരുന്നു. ഉടൻ വിഷ്ണുവിനെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ വൈകുന്നേരം ഏഴരയോടെ മരിച്ചു.
കൊച്ചി ഇൻഫോപാർക്കിലെ ഐബിഎം കമ്പനിയിലെ ജീവനക്കാരനായിരുന്നു. വിഷ്ണു താമസിച്ചിരുന്ന എറണാകുളത്തെ ഹോസ്റ്റലിൽനിന്ന് തൊടുപുഴ വണ്ണപ്പുറത്ത് സുഹൃത്തിന്റെ വീട്ടിലേക്ക് പോകവെയായിരുന്നു അപകടം.
അപകടത്തെ തുടർന്ന് നിയന്ത്രണംവിട്ട ബസ് വൈദ്യുത പോസ്റ്റും സമീപത്തെ വീടിന്റെ മതിലും തകർത്താണ് നിന്നത്. മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും. അമ്മ: അനിത.