നിലന്പൂരിൽ മത്സരത്തിനില്ല: കെവിവിഇഎസ്
Monday, June 2, 2025 6:15 AM IST
തൃശൂർ: നിലന്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. വ്യാപാരികളുടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് ഉറപ്പു ലഭിച്ചെന്നും നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും മാസം മാത്രം ബാക്കിനിൽക്കേ മത്സരിക്കേണ്ടതില്ലെന്നും ഇന്നലെ തൃശൂരിൽ ചേർന്ന നേതൃയോഗം വ്യക്തമാക്കി.
ഇടതു-വലതു മുന്നണികളുടെ അവഗണന ഇല്ലാതാക്കണമെങ്കിൽ വോട്ടു ബാങ്ക് ആണെന്നു തെളിയിക്കേണ്ടതുണ്ടെന്നായിരുന്നു സംഘടനയുടെ നിലപാട്. ഇക്കാര്യം കെവിവിഇഎസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പി. കുഞ്ഞാവു ഹാജിയും വ്യക്തമാക്കിയിരുന്നു. മത്സരിക്കാൻ വ്യാപാരി വ്യവസായി മലപ്പുറം ജില്ലാ കമ്മിറ്റി പച്ചക്കൊടി കാട്ടിയതോടെ അന്തിമ തീരുമാനം സംസ്ഥാന നേതൃത്വത്തിനു വിടുകയായിരുന്നു.