മാന്നാറിന്റെ മണിമുഴക്കം ഇനി നാഗാലാൻഡിലും
Tuesday, December 24, 2024 2:39 AM IST
മാന്നാർ: വെങ്കലപ്പെരുമയിൽ പ്രശസ്തമായ മാന്നാറിന്റെ പെരുമ ഇനി നാഗലാൻഡിലും മുഴങ്ങും. മാന്നാറിലെ വെങ്കല നിർമിതികൾ ലോകത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ ഉണ്ടങ്കിലും ആദ്യമായാണ് മാന്നാറിന്റെ ശബ്ദം നാഗലാന്റിൽ മുഴങ്ങാൻ പോകുന്നത്. മാന്നാറിലെ പണിശാലയിൽ തീർത്ത ഭീമൻ മണികളുടെ നാദമാണ് ഇനി നാഗാലാന്‍ഡിൽ അലയടിക്കുന്നത്.
നാഗാലാന്റ് അസംബ്ലി സ്പീക്കർ ഷെറിംഗൈൻ ലോങ്കുമാറിന്റെ ഓർഡർ അനുസരിച്ച് മാന്നാറിലെ പ്രശസ്ത പള്ളിമണി നിർമ്മാതാക്കളായ പിആർഎം ലക്ഷ്മണ അയ്യർ അസോസിയേറ്റ്സിന്റെ പണിശാലയിലാണ് 1200 കിലോഗ്രാമുള്ള കൂറ്റൻ മണി നിർമ്മിച്ചിരിക്കുന്നത്.
അഞ്ച് അടി ഉയരത്തിലുമുള്ള രണ്ട് പള്ളിമണികളുടെ നിർമ്മാണം പൂർത്തിയാക്കി. ആറ് തൊഴിലാളികൾ മൂന്ന് മാസമെടുത്താണ് ശുദ്ധമായ വെങ്കലത്തിൽ നിർമ്മിച്ച മണികളുടെ നിർമ്മാണം പൂർത്തിയാക്കിയത്. രണ്ട് മണികളുടെ നിർമാണത്തിനായി 30 ലക്ഷമാണ് ചിലവായത്.
പുതുവത്സരത്തിൽ നാഗാലാന്‍ഡിലെ പള്ളിയിലെ തിരുനാളിന് മണികൾ മുഴങ്ങും. മണികൾ ഇന്ന് നാഗലാൻഡിലേക്ക് കൊണ്ടുപോകും.