മേപ്പാടിയില്‍ ‘ബോചെ 1000 ഏക്കര്‍’ സ്ഥലത്ത് പുതുവത്സര പാര്‍ട്ടി വേണ്ടെന്നു ഹൈക്കോടതി
Wednesday, December 25, 2024 4:56 AM IST
കൊച്ചി: വയനാട് മേപ്പാടിയില്‍ ‘ബോച്ചെ 1000 ഏക്കര്‍’ സ്ഥലത്ത് ഈ വര്‍ഷം പുതുവത്സര പാര്‍ട്ടി വേണ്ടെന്ന് ഹൈക്കോടതി. ‘സണ്‍ബേണ്‍ ന്യൂ ഇയര്‍ പാര്‍ട്ടി’ എന്ന പേരില്‍ പുതുവത്സര പാര്‍ട്ടി അനുമതിയില്ലാതെ നടത്തുന്നത് കഴിഞ്ഞ ദിവസം സിംഗിള്‍ ബെഞ്ച് തടഞ്ഞിരുന്നു. ഇതിനെതിരേ ബോചെ ഭൂമിപുത്ര പ്രൈവറ്റ് ലിമിറ്റഡ് നല്കിയ ഹര്‍ജിയടക്കമാണു കോടതി പരിഗണിച്ചത്.
പ്രദേശവാസികള്‍ നല്കിയ ഹര്‍ജിയിലായിരുന്നു, അനുമതിയില്ലാതെ പുതുവത്സര പാര്‍ട്ടി നടത്താന്‍ അനുവദിക്കരുതെന്ന് കഴിഞ്ഞ ദിവസം ഉത്തരവിട്ടത്. ഇക്കാര്യത്തില്‍ ഇളവു തേടിയാണ് സംഘാടകർ തന്നെ എത്തിയത്. തങ്ങളുടെ ഉടമസ്ഥതയിലുള്ള പ്ലാന്റേഷനിലാണ് പാര്‍ട്ടി നടത്തുന്നതെന്നായിരുന്നു വാദം.
പാര്‍ട്ടി നടത്താന്‍ ദുരന്ത നിവാരണ അഥോറിറ്റിയോ മേപ്പാടി പഞ്ചായത്തോ അനുമതി നല്‍കിയിരുന്നില്ല. ഉരുള്‍പൊട്ടല്‍ ദുരന്തബാധിത മേഖലയാണെന്നതടക്കം കണക്കിലെടുത്തായിരുന്നു ഇത്.