പ്രത്യേകസംഘം അന്വേഷിക്കും: മന്ത്രി കെ. കൃഷ്ണൻകുട്ടി
Tuesday, December 24, 2024 2:40 AM IST
ചിറ്റൂർ: നല്ലേപ്പിള്ളിയിലും തത്തമംഗലത്തും സ്കൂളുകളിൽ ക്രിസ്മസ് ആഘോഷങ്ങൾക്കെതിരായി നടന്ന ആക്രമണം പ്രത്യേകസംഘം അന്വേഷിക്കുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. ശക്തമായ നടപടി മുഖ്യമന്ത്രി ഉറപ്പുനൽകിയതായും മന്ത്രി അറിയിച്ചു. രണ്ടിടങ്ങളിലും ഒരേ സംഘമാണോ ആക്രമണംനടത്തിയതെന്ന് അന്വേഷിക്കും.
തത്തമംഗലം സ്കൂളിലെ പുൽക്കൂട് തകർത്ത സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തുവെന്ന് ചിറ്റൂർ ഡിവൈഎസ്പി കൃഷ്ണദാസ് പറഞ്ഞു. ചിറ്റൂർ സിഐയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികളെക്കുറിച്ച് നിലവിൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഫോറൻസിക് പരിശോധനയും ഡോഗ് സ്ക്വാഡ് പരിശോധനയും ഉടൻ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ച ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി തത്തമംഗലം ജിബിയുപി സ്കൂളിൽ സ്ഥാപിച്ച പുൽക്കൂടാണ് അജ്ഞാതർ തകർത്തതായി കണ്ടെത്തിയത്.
നല്ലേപ്പിള്ളിയിൽ മൂന്നു പേർ അറസ്റ്റിൽ
ശനിയാഴ്ച നല്ലേപ്പിള്ളി ഗവ.യുപി സ്കൂളിലെ ക്രിസ്മസ് ആഘോഷത്തിനിടെ അതിക്രമിച്ചുകയറി പ്രധാനാധ്യാപിക ഉൾപ്പെടെയുള്ള അധ്യാപകരെയും വിദ്യാർഥികളെയും ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയുംചെയ്ത സംഭവത്തിൽ മൂന്നുപേരെ ചിറ്റൂർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
സംഘപരിവാർ പ്രവർത്തകരായ നല്ലേപ്പിള്ളി വടക്കുംതറ കെ. അനിൽകുമാർ (52), മാനാംകുറ്റി കറുത്തേടത്തുകളം സുശാസനൻ (52), തെക്കുമുറി വേലായുധൻ (58) എന്നിവരാണ് അറസ്റ്റിലായത്.