കൈക്കൂലിക്കും ജിഎസ്ടി!
Thursday, October 10, 2024 1:35 AM IST
കാസര്‍ഗോഡ്: കാസര്‍ഗോഡ് സിപിസിആര്‍ഐയില്‍ ക്ലര്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് 15 ലക്ഷം രൂപ തട്ടിയ ഡിവൈഎഫ്ഐ വനിത നേതാവ് സചിത റൈ (35) താന്‍ നല്കിയ പണത്തിന് ജിഎസ്ടിയായി 5,000 രൂപകൂടി വാങ്ങിയിരുന്നതായി ഇവര്‍ക്കെതിരേ പരാതിക്കാരി നിഷ്മിത ഷെട്ടി വെളിപ്പെടുത്തി. കര്‍ണാടക സ്വദേശിനിയായ നിഷ്മിത കുമ്പള കിദൂരിലെ പ്രവാസിയായ യുവാവിനെ വിവാഹം ചെയ്ത് ഇവിടെയാണ് താമസം.
പുത്തിഗെ ബാഡൂരിലെ എയ്ഡഡ് പ്രൈമറി സ്കൂളില്‍ അധ്യാപികയായ സചിത റൈ ഇവിടെവച്ചാണ് നിഷ്മിത ഷെട്ടിയുമായി പരിചയപ്പെട്ടത്. സിപിസിആര്‍ഐയിലും കേന്ദ്ര സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലും നല്ല ജോലിയുണ്ടെന്ന് പറഞ്ഞാണ് യുവതിയില്‍നിന്നു പണം കൈപ്പറ്റിയത്.
ഘട്ടം ഘട്ടമായാണ് 15,05,796 രൂപ നല്‍കിയത്. ഇതില്‍ 5,796 രൂപ ജോലിക്കായി അടയ്ക്കേണ്ട പണത്തിന്റെ ജിഎസ്ടി ആണെന്ന് പറഞ്ഞാണു വാങ്ങിയതെന്നാണു പറയുന്നത്.
സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ശരിയാക്കി നല്കുന്ന പഴ്സണല്‍ സേര്‍ച്ച് പോയിന്റ് എന്ന സ്ഥാപനം കര്‍ണാടകയില്‍ നടത്തുന്ന ചന്ദ്രശേഖര കുണ്ടാര്‍ എന്നയാള്‍ക്കാണ് പലരില്‍ നിന്ന് വാങ്ങിയ പണം നല്‍കിയതെന്നും എന്നാല്‍ ഇയാള്‍ ജോലി നല്‍കാതെ തന്നെയും താന്‍ ബന്ധപ്പെടുത്തിക്കൊടുത്തവരെയും വഞ്ചിക്കുകയായിരുന്നുവെന്നും അതുകൊണ്ടുതന്നെ താനും തട്ടിപ്പിന് ഇരയാണെന്നുമാണ് സചിതയുടെ വാദം.
പ്രസവാവധിയില്‍ കോഴിക്കോട്ടെ ഭര്‍ത്താവിന്റെ വീട്ടില്‍ കഴിയുന്ന സചിത രണ്ടുമാസം മുമ്പാണ് കുഞ്ഞിന് ജന്മം നല്‍കിയത്.
സിപിഎമ്മും കൈവിട്ടു
പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ സചിത റൈയെ പാര്‍ട്ടി പ്രാഥമികാംഗത്വത്തില്‍നിന്നു പുറത്താക്കിയതായി സിപിഎം കുമ്പള ഏരിയ കമ്മിറ്റി അറിയിച്ചു.
സചിത ജോലി വാഗ്ദാനം ചെയ്ത് ഒട്ടേറെ പേരില്‍നിന്നു പണം തട്ടിയതായും ഇതിനു പിന്നില്‍ കര്‍ണാടകയിലെ കേന്ദ്ര ഭരണപാര്‍ട്ടിയുടെ പ്രാദേശികനേതാക്കൾക്ക് ബന്ധമുള്ളതായി സംശയിക്കുന്നെന്നും ഏരിയ കമ്മിറ്റി പത്രകുറിപ്പില്‍ പറയുന്നു.