ചൊക്രമുടിയിൽ ഭൂമി കൈയേറ്റം നടന്നിട്ടുണ്ട്: മന്ത്രി രാജൻ
Thursday, October 10, 2024 1:35 AM IST
തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ ബൈസണ്‍വാലി വില്ലേജിലെ ചൊക്രമുടിയിൽ ഭൂമി കൈയേറ്റം നടന്നിട്ടുണ്ടെന്നു റവന്യു മന്ത്രി കെ. രാജൻ.
നിയമസഭയിൽ രമേശ് ചെന്നിത്തലയുടെ സബ്മിഷനു മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ലാൻഡ് റവന്യു കമ്മീഷണർ സർക്കാരിന് നല്കിയ റിപ്പോർട്ടിൽ ഭൂമി കൈയേറ്റം നടന്നുവെന്ന് വ്യക്തമായെന്നും മന്ത്രി നിയമസഭയിൽ അറിയിച്ചു.
1965-1970 കാലഘട്ടത്തിൽ നൽകിയ അഞ്ചു പട്ടയങ്ങൾ ദുരുപയോഗം ചെയ്താണ് കൈയേറ്റം നടത്തിയത്. ബൈസണ്‍ വാലി വില്ലേജിലെ റീസർവെ ബ്ലോക്ക് നന്പർ നാലിൽ സർവേ നന്പർ 35ൽപ്പെട്ട 876 ഏക്കർ സർക്കാർ പാറ പുറന്പോക്ക് ഭൂമിയാണിത്.
കൈയേറ്റം സംബന്ധിച്ച് മാധ്യമവാർത്ത ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ സർക്കാർ ഇടപെടലുണ്ടായി.
റവന്യൂ മന്ത്രിയുടെ ഓഫീസ് കൈയേറ്റത്തിന് കൂട്ടുനിന്നുവെന്ന രമേശ് ചെന്നിത്തലയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നും മന്ത്രി പറഞ്ഞു. ഏതെങ്കിലും പ്രത്യേക ഉത്തരവുകളോ നിർദ്ദേശങ്ങളോ റവന്യൂ മന്ത്രിയുടെ ഓഫീസിൽനിന്നും നൽകിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.