മുഖ്യമന്ത്രിയുടെ ആരോപണത്തില്‍ ഗൂഢാലോചന: പി.കെ. കുഞ്ഞാലിക്കുട്ടി
Thursday, October 3, 2024 5:55 AM IST
മലപ്പുറം: മലപ്പുറത്തിനെതിരായ മുഖ്യമന്ത്രിയുടെ ആരോപണത്തില്‍ ഗൂഢാലോചന നടന്നുവെന്ന് വ്യക്തമാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോടു പറഞ്ഞു. മുഖ്യമന്ത്രി അറിയാതെയാണ് കാര്യങ്ങള്‍ നടന്നതെങ്കില്‍ പി.ആര്. ഏജന്സിക്കെതിരേനടപടി എടുക്കണം.
ആര് ചെയ്തതാണെങ്കിലും മഹാപാതകമാണിത്. ഇതോടെ കര്ട്ടന് പിന്നില്‍ എന്തൊക്കെയോ നടക്കുന്നുവെന്ന അന്‍വറിന്റെ ആരോപണം തെളിയുകയാണ്. ദേശീയതലത്തില്‍ സാമുദായിക ധ്രുവീകരണത്തിനു ശ്രമിക്കുന്ന പിആര്‍ ഏജന്‍സികള്‍ ഉഗ്രന്‍ ബോംബുമായി കേരളത്തിലും പ്രവേശിച്ചിരിക്കുന്നു.
നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പിലെല്ലാം ബിജെപി ഇത് ചര്‍ച്ചയാക്കും. രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കാനുള്ള സ്വാതന്ത്ര്യം അന്‍വറിനുണ്ട്. യുഡിഎഫിന് ഇതൊന്നും ഒരുതരത്തിലും ഭീഷണിയാകില്ല. യുഡിഎഫിനെ ജനങ്ങള്‍ പ്രതീക്ഷയോടെയാണ് കാണുന്നത്. അണികള്‍ പോകാതെ നോക്കേണ്ടത് അതത് പാര്‍ട്ടികളാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.