എഡിജിപിക്കെതിരേ വീണ്ടും സിപിഐ
Friday, September 20, 2024 1:07 AM IST
തിരുവനന്തപുരം : എഡിജിപി എം.ആർ.അജിത്കുമാർ ആർഎസ്എസ് നേതാക്കളെ രഹസ്യമായി കണ്ടത് ഇടതുമുന്നണിക്കുള്ളിൽ വീണ്ടും രാഷ്ട്രീയ ചർച്ചയാക്കി സിപിഐ.
അജിത്കുമാർ സർക്കാരിനെ പ്രതിസന്ധിയിൽ കൊണ്ടുചെന്നെത്തിച്ചിരിക്കുകയാണെന്നും ആർഎസ്എസിന്റെ രണ്ടു ദേശീയ നേതാക്കളെ ഉന്നതനായ പോലീസ് ഉദ്യോഗസ്ഥൻ രഹസ്യമായി സന്ദർശിച്ചതെന്തിനാണെന്നറിയാൻ ഏവർക്കും താത്പര്യമുണ്ടെന്നും സിപിഐ ദേശീയ നിർവാഹക സമിതി അംഗം കെ.പ്രകാശ്ബാബു പറഞ്ഞു. ഔദ്യോഗികമോ വ്യക്തിപരമോ ആയ എന്താവശ്യത്തിനാണ് അവരെ താൻ സന്ദർശിച്ചതെന്നു പറയാനുള്ള ബാധ്യത എഡിജിപിക്കുണ്ട്.
കുറഞ്ഞപക്ഷം പോലീസ് മേധാവിയെയോ ആഭ്യന്തരവകുപ്പിനെയോ രേഖാമൂലമെങ്കിലും അറിയിക്കേണ്ടതാണ്. അതിന് ഉദ്യോഗസ്ഥൻ തയാറായില്ലെങ്കിൽ നിലവിലെ ചുമതലയിൽ നിന്ന് മാറ്റി നിർത്തണമെന്നും പാർട്ടി പത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പ്രകാശ്ബാബു ആവശ്യപ്പെടുന്നു.
വർഗീയ സംഘർഷങ്ങളുണ്ടാകുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ നിയന്ത്രണാതീതമാകാതിരിക്കാനും സമാധാനം പുന:സ്ഥാപിക്കാനും ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥർ വർഗീയ സംഘടനാ നേതാക്കളുമായി ചർച്ച നടത്താറുണ്ട്.
പക്ഷേ ആർഎസ്എസ് എന്ന ഹൈന്ദവ തീവ്രവാദ സംഘടനയുടെ നേതാക്കളെ തികച്ചും മെച്ചപ്പെട്ട ക്രമസമാധാനം നിലനിൽക്കുന്ന കേരളത്തിൽ പ്രത്യേകിച്ചു വർഗീയ സംഘർഷങ്ങളൊന്നും ഇല്ലാത്ത സന്ദർഭത്തിൽ ക്രമസമാധാന ചുമതലയുള്ള എഡിജിപി എന്തിനാണു സന്ദർശിച്ചതെന്നു പറയാനുള്ള ബാധ്യത ആ ഉദ്യോഗസ്ഥനുണ്ട്.
ജനഹിതമാണു സർക്കാരിന്റെ പ്രഖ്യാപിത നയങ്ങൾക്കു പിന്നിലെ ചാലകശക്തിയെന്നു തിരിച്ചറിയാതെ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥനെ ജനങ്ങളുമായി നിരന്തരബന്ധം താരതമ്യേന കുറവുള്ള ചുമതലകളിലേക്കു മാറ്റണമെന്നും കെ.പ്രകാശ്ബാബു പറഞ്ഞു. കൂടാതെ ജനഹിതം മാനിച്ചുകൊണ്ടു സാങ്കേതികത്വം മറികടക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി സർക്കാരിനുണ്ടാകണമെന്നും ലേഖനത്തിൽ വിമർശിക്കുന്നു.
എന്നാൽ കഴിഞ്ഞ ഇടതുമുന്നണി യോഗത്തിൽ സ്വീകരിച്ച അതേ രാഷ്ട്രീയ നിലപാടു തന്നെയാണു പ്രകാശ്ബാബുവിനുള്ള മറുപടിയായി കണ്വീനർ ടി.പി.രാമകൃഷ്ണൻ ഇന്നലെയും പറഞ്ഞത്. എഡിജിപി എം.ആർ.അജിത്കുമാർ ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതു സർക്കാർ അന്വേഷിക്കുകയാണ്. അന്വേഷണ റിപ്പോർട്ടു വന്ന ശേഷം എന്തു നടപടി വേണമെന്നതു തീരുമാനിക്കും.
ഏതന്വേഷണമാണു നടത്തുന്നതെന്നു പറയേണ്ടതു സർക്കാരാണ്. ഇക്കാര്യത്തിൽ മറ്റ് അഭിപ്രായങ്ങൾ വേണ്ട. ഇങ്ങനെ വിവാദമാക്കി ചർച്ച ചെയ്യേണ്ട വിഷയമല്ല അത്. സിപിഐ അവരുടെ അഭിപ്രായമാണു പറഞ്ഞത്. അവരുടെ നിലപാടു പറയാനുള്ള അവകാശവും സ്വാതന്ത്ര്യം സിപിഐയ്ക്കുണ്ടെന്നും ടി.പി.രാമകൃഷ്ണൻ പറഞ്ഞു.
കഴിഞ്ഞ ഇടതുമുന്നണി യോഗത്തിൽ എഡിജിപി ആർഎസ്എസ് നേതാക്കളെ കണ്ട വിഷയം അജൻഡയിൽ പോലും സ്ഥാനം പിടിച്ചില്ല. ഇതിലുള്ള നീരസം സിപിഐക്കുണ്ട്. എഡിജിപിയെ ചുമതലയിൽ നിന്നും മാറ്റി നിർത്തി അന്വേഷണം വേണമെന്ന നിലപാടിലാണു സിപിഐ. എന്നാൽ മുഖ്യമന്ത്രി ഇതിനു തയാറായില്ലെന്നു മാത്രമല്ല എഡിജിപിയെ സംരക്ഷിക്കുന്ന നിലപാടാണു സ്വീകരിച്ചത്.