നിയമസഭാ സമ്മേളനം ഒക്ടോബർ നാലു മുതൽ ; 8 ബില്ലുകൾ പരിഗണനയിൽ
Thursday, September 19, 2024 2:19 AM IST
തിരുവനന്തപുരം: നിയമസഭാ സമ്മേളനം ഒക്ടോബർ നാലു മുതൽ 18 വരെ വിളിച്ചുചേർക്കാൻ ഗവർണറോടു ശിപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. നിയമനിർമാണത്തിനായാണ് പ്രധാനമായും ഒക്ടോബറിൽ നിയമസഭാ സമ്മേളനം വിളിച്ചുചേർക്കുന്നത്.
രണ്ടാഴ്ചയിലേറെ ചേരുന്ന നിയമസഭാ സമ്മേളനത്തിൽ എട്ടു ബില്ലുകളാണു പരിഗണിക്കുന്നത്. ബിരുദപഠനം മൂന്നിൽനിന്ന് നാലു വർഷമാക്കിയതുമായി ബന്ധപ്പെട്ട സർവകലാശാലാ ഭേദഗതി ബിൽ, വീട്ടുജോലികൾക്ക് എത്തുന്ന വനിതകൾക്കു മിനിമം വേതനവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനുള്ള ഡൊമസ്റ്റിക് വർക്കേഴ്സ് ബിൽ, വയോജന കമ്മീഷൻ ബിൽ, വ്യവസായ സ്ഥാപനങ്ങൾ തുടങ്ങുന്നതിന് ഏകോപനം ഉറപ്പാക്കുന്നതിനുള്ള ഭേദഗതി ബിൽ തുടങ്ങിയവ അടക്കമുള്ള എട്ടു ബില്ലുകളാണു നിയമസഭയുടെ പരിഗണനയ്ക്കു വരിക. ഇതിൽ ഏതൊക്കെ ബില്ലുകൾ പരിഗണിക്കണമെന്ന കാര്യത്തിൽ സർക്കാർ അന്തിമ തീരുമാനമെടുത്ത ശേഷം നിയമസഭയുടെ കാര്യോപദേശക സമിതി യോഗം ചേർന്ന് ഷെഡ്യൂൾ തയാറാക്കും.
ഗവർണർ ഒപ്പിടാത്ത സാഹചര്യത്തിൽ ഓർഡിനൻസുകൾ ഇറക്കാൻ മന്ത്രിസഭാ യോഗത്തിനു കഴിയാത്ത സാഹചര്യത്തിൽകൂടിയാണ് നിയമസഭാ സമ്മേളനം വിളിച്ചുചേർക്കുന്നത്. വയനാട് ദുരന്തത്തിൽ മരിച്ചവർക്ക് അടക്കമുള്ള ചരമോപചാരത്തോടെയാണ് നാലിന് നിയമസഭാ സമ്മേളനം തുടങ്ങുക.
വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട ചർച്ചയും നിയമസഭയിലുണ്ടാകും. ഇത് എന്നു വേണമെന്ന കാര്യത്തിലും കാര്യോപദേശക സമിതിയിലാകും അന്തിമ തീരുമാനമെടുക്കുക. ഉപധനാഭ്യർഥനകൾക്കായും ഒരു ദിവസം മാറ്റിവയ്ക്കേണ്ടിവരും. 16നു നിയമസഭാ സമ്മേളനം അവസാനിപ്പിക്കുന്നതും ആലോചനയിലുണ്ട്.
സഭാതലത്തെ പ്രക്ഷുബ്ധമാക്കാൻ വിവാദ വിഷയങ്ങൾ ഏറെയാണ്. എഡിജിപി എം.ആർ. അജിത്കുമാറിനെതിരായ ഭരണപക്ഷ എംഎൽഎ പി.വി. അൻവറിന്റെ വെളിപ്പെടുത്തലുകൾ, ആർഎസ്എസ് ദേശീയ നേതാക്കളുമായുള്ള എഡിജിപിയുടെ കൂടിക്കാഴ്ച, ഭരണമുന്നണിയിൽനിന്നും പാർട്ടിയിൽനിന്നും ആവശ്യമുയർന്നിട്ടും എഡിജിപിയെ ക്രമസമാധാന ചുമതലയിൽനിന്നു മാറ്റാത്തത് അടക്കം വിഷയങ്ങൾ സഭയിൽ പ്രതിപക്ഷം ഉന്നയിക്കും.
അൻവറിന്റെ ആരോപണങ്ങൾ അന്വേഷിക്കുന്ന ഡിജിപിയുടെ നേതൃത്വത്തിലുള്ള സമിതിയുടെ റിപ്പോർട്ട് സഭാ സമ്മേളനത്തിനിടെ നൽകിയാൽ അതും സഭയുടെ മേശപ്പുറത്തു വയ്ക്കേണ്ടിവരും.