കാറിടിച്ച് വീട്ടമ്മ മരിച്ചു; യുവാവും വനിതാ ഡോക്ടറും അറസ്റ്റിൽ
Tuesday, September 17, 2024 1:49 AM IST
കൊല്ലം: ഇടിച്ചിട്ട കാർ ശരീരത്തിലൂടെ കയറ്റിയിറക്കിയതുമൂലം വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. വടക്കൻ മൈനാഗപ്പള്ളി പഞ്ഞിപുല്ലം വിളവീട്ടിൽ നൗഷാദിന്റെ ഭാര്യ കുഞ്ഞുമോൾ (47) ആണ് മരിച്ചത്.
വടക്കൻ മൈനാഗപ്പള്ളി ആനൂർക്കാവിൽ ഞായറാഴ്ച വൈകുന്നേരം 5.52നായിരുന്നു സംഭവം. ഇവിടത്തെ കടയിൽ സഹോദരി ഫൗസിയയ്ക്കൊപ്പം സാധനം വാങ്ങാൻ എത്തിയതായിരുന്നു കുഞ്ഞുമോൾ.
റോഡ് മുറിച്ചു കടക്കവേ അമിത വേഗത്തിൽ എത്തിയ കാർ ഇവരുടെ സ്കൂട്ടറിൽ ഇടിച്ച തോടെ, സ്കൂട്ടർ ഓടിച്ച ഫൗസിയ റോഡരികിലേക്കും പിന്നിൽ ഇരുന്ന കുഞ്ഞുമോൾ കാറിന്റെ തൊട്ടുമുമ്പിൽ റോഡിലേക്കും വീണു. സ്കൂട്ടർ 30 മീറ്ററോളം ദൂരേക്കു തെറിച്ചുപോയി.
സമീപത്തെ കടകളിൽ ഉണ്ടായിരുന്നവർ ഓടിയെത്തി, കാർ മുന്നോട്ട് എടുക്കരുതെന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞെങ്കിലും കാറിലുള്ളവർ ചെവിക്കൊള്ളാതെ കാർ ആദ്യം പിറകോട്ട് എടുത്തശേഷം കുഞ്ഞു മോളുടെ ശരീരത്തിലൂടെ കയറ്റിയിറക്കി മുന്നോട്ട് ഓടിച്ചു പോവുകയായിരുന്നു.
അമിതവേഗത്തിൽ മുന്നോട്ട് പാഞ്ഞ കാർ 300 മീറ്റർ അകലെ മറ്റൊരു ഇരുചക്ര വാഹനത്തിൽ ഇടിക്കാതിരിക്കാൻ വെട്ടിത്തിരിച്ചപ്പോൾ മതിലിൽ ഇടിച്ചെങ്കിലും പിന്നെയും മുന്നോട്ട് പോയി മറ്റൊരു സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചിട്ടു.
തുടർന്ന് കരുനാഗപ്പള്ളി ഭാഗത്ത് കാർ നിറുത്തിയിട്ട ശേഷം കാറിൽ ഉണ്ടായിരുന്ന യുവതിയും യുവാവും സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി. യുവാവ് മതിൽ ചാടി രക്ഷപ്പെടുകയുമായിരുന്നു. യുവതിയെ പിന്നീട് നാട്ടുകാർ പോലീസിന് കൈമാറി. പരിക്കേറ്റ ഫൗസിയയെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാർ ഓടിച്ചത് കരുനാഗപ്പള്ളി സ്വദേശി മുഹമ്മദ് അജ്മലും (29) ഒപ്പം ഉണ്ടായിരുന്നത് തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിയും കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുമായ ശ്രീക്കുട്ടി(26)യുമാണെന്നും തിരിച്ചറിഞ്ഞു.
ശാസ്താംകോട്ട പോലീസ് കേസെടുത്ത് അജ്മലിന്റെയും വനിതാ ഡോക്ടറുടെയും അറസ്റ്റ് രേഖപ്പെടുത്തി. സുഹൃത്തിന്റെ വീട്ടിൽ ഓണാഘോഷത്തിന് പോയ ഇരുവരും മദ്യപിച്ചിരുന്നതായി പിന്നീട് മെഡിക്കൽ പരിശോധനയിൽ വ്യക്തമായി.
ഒളിവിൽ പോയ അജ്മലിനെ ഇന്നലെ പുലർച്ചെ പതാരത്തെ ബന്ധുവീട്ടിൽനിന്നു പോലീസ് പിടികൂടുകയായിരുന്നു. അജ്മൽ മുൻപും നിരവധി കേസിൽ ഉൾപ്പെട്ടിട്ടുള്ള വ്യക്തിയാണന്ന് പോലീസ് പറഞ്ഞു.
വനിതാ ഡോക്ടറെ ആശുപത്രി സർവീസിൽനിന്നു പിരിച്ചുവിട്ടു. സംഭവത്തിൽ മനഃപൂർവമുള്ള നരഹത്യക്ക് കേസെടുത്ത് അറസ്റ്റ് ചെയ്ത ഇരുവരെയും ഇന്നലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കുഞ്ഞുമോളുടെ മക്കൾ: സോഫിയ, ആൽഫിയ. മരുമക്കൾ: ഷഫീഖ്, ഷമീർ.