ഇ-സിം തട്ടിപ്പിനെതിരേ കേരള പോലീസ്
Tuesday, September 17, 2024 1:49 AM IST
കോഴിക്കോട്: ഇ-സിം സംവിധാനത്തിലേക്കു മാറാൻ ഉദ്ദേശിക്കുന്ന മൊബൈൽ ഫോൺ ഉപയോക്താക്കളെ ലക്ഷ്യമിട്ട് തട്ടിപ്പ് നടത്തുന്ന സംഘത്തിനെതിരേ ജാഗ്രത പാലിക്കണമെന്ന് കേരള പോലീസ്.
മൊബൈൽ ഫോൺ സർവീസ് ദാതാക്കളുടെ കസ്റ്റമർ കെയർ സെന്ററിൽനിന്നെന്ന വ്യാജേന ആളുകളെ ബന്ധപ്പെടുന്ന തട്ടിപ്പുകാർ നിലവിലുള്ള സിം കാർഡ്, ഇ-സിം സംവിധാനത്തിലേക്കു മാറ്റാൻ നിർദേശിക്കുന്നു.
മൊബൈൽ സേവന ദാതാക്കളുടെ ആപ്പിലോ വെബ്സൈറ്റിലോ പ്രവേശിച്ച് 32 അക്ക ഇ-ഐഡി നൽകി ഇ-സിം സംവിധാനം ആക്ടിവേറ്റ് ചെയ്യാനാണ് അവർ ആവശ്യപ്പെടുക.
ഇങ്ങനെ ആക്ടിവേറ്റ് ചെയ്യുന്നവരുടെ ഇ-മെയിലിലേക്കു ലഭിക്കുന്ന ക്യുആർ കോഡ് തങ്ങൾ നൽകുന്ന വാട്സാപ്പ് നമ്പറിൽ അയച്ചുനൽകാനും അവർ നിർദേശിക്കുന്നു.
ക്യുആർ കോഡ് ലഭിക്കുന്ന തട്ടിപ്പുകാർതന്നെ കസ്റ്റമറുടെ പേരിൽ ഇ-സിം ആക്ടിവേറ്റ് ചെയ്യുന്നതോടെ സിം കാർഡിന്റെ പൂർണ നിയന്ത്രണം അവരുടെ കൈകളിൽ എത്തുകയും കസ്റ്റമറുടെ കൈവശമുള്ള സിം പ്രവർത്തനരഹിതമാകുകയും ചെയ്യുന്നു. 24 മണിക്കൂറിനുള്ളിൽ മാത്രമേ ഇ-സിം പ്രവർത്തനക്ഷമം ആകുകയുള്ളൂ എന്ന് തട്ടിപ്പുകാർ കസ്റ്റമറെ അറിയിക്കുന്നു.
ഈ സമയപരിധിക്കുള്ളിൽ കസ്റ്റമറുടെ മൊബൈൽ നമ്പറുമായി ബന്ധിപ്പിച്ചിട്ടുള്ള എല്ലാ ബാങ്ക് അക്കൗണ്ടുകളുടെയും നിയന്ത്രണം അവർ ഏറ്റെടുക്കുന്നതോടെ അക്കൗണ്ടില്‍നിന്നു പണം പിന്‍വലിക്കാന്‍ ഇവര്‍ക്കു കഴിയുമെന്നും പോലീസ് വ്യക്തമാക്കുന്നു.
കസ്റ്റമർ കെയർ സെന്ററുകളിൽനിന്ന് എന്ന പേരിൽ ലഭിക്കുന്ന വ്യാജ ഫോൺ കോളുകൾക്കെതിരേ ജാഗ്രത പാലിക്കുകയാണ് തട്ടിപ്പ് തടയാനുള്ള മാര്‍ഗമെന്ന് പോലീസ് മുന്നറിയിപ്പ് നല്കുന്നു.