ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: 10 ദിവസത്തിനകം മൊഴിയെടുപ്പ് പൂര്‍ത്തിയാക്കും
Sunday, September 15, 2024 2:27 AM IST
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട മൊഴിയെടുപ്പ് അന്വേഷണസംഘം 10 ദിവസത്തിനകം പൂര്‍ത്തിയാക്കും. വിപുലമായ മൊഴിയെടുപ്പിനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
ഇതിന്റെ ഭാഗമായി ഹേമ കമ്മിറ്റിയില്‍ മൊഴി നല്കിയ 50 പേരെയും അന്വേഷണ സംഘം നേരില്‍ കാണും. നാലു സംഘങ്ങളായി തിരിഞ്ഞായിരിക്കും ഇവരില്‍ നിന്നുള്ള മൊഴിയെടുപ്പ് പൂര്‍ത്തിയാക്കുക.
ഹൈക്കോടതി നിര്‍ദേശപ്രകാരം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം സര്‍ക്കാര്‍ അന്വേഷണ സംഘത്തിന് നല്‍കിയിരുന്നു. ഹേമ കമ്മിറ്റിക്കു മുന്നില്‍ മൊഴി നല്‍കിയവരുടെ സ്വകാര്യത ഉറപ്പാക്കണമെന്ന ആവശ്യം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ഡബ്ല്യുസിസി അംഗങ്ങള്‍ ഉന്നയിച്ചിരുന്നു.
സിനിമാ മേഖലയിലെ ലൈംഗിക ചൂഷണ പരാതികള്‍ സംബന്ധിച്ച പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിന്റെ പേരില്‍ സ്വകാര്യത ലംഘിക്കപ്പെടരുതെന്നും അഞ്ചംഗ പ്രതിനിധികള്‍ ആവശ്യപ്പെട്ടിരുന്നു.