ആർഎസ്എസ് ബന്ധ ആരോപണം: മുഖ്യമന്ത്രിയുടെ സുരക്ഷ കൂട്ടുന്നു
Saturday, September 14, 2024 2:22 AM IST
തിരുവനന്തപുരം: ആർഎസ്എസ് ബന്ധ ആരോപണം ശക്തമായതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ വീണ്ടും കൂട്ടുന്നു. സുരക്ഷാ സംവിധാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെയും പരിസരങ്ങളുടെയും സുരക്ഷ വീണ്ടും വർധിപ്പിക്കാൻ നിർദേശം നൽകി.
ക്ലിഫ് പരിസരങ്ങളിലും ഇവിടേക്ക് എത്തുന്ന രണ്ടു റോഡുകളിലും അധിക കാമറകൾ സ്ഥാപിക്കാനായി 4.32 ലക്ഷം രൂപയുടെ ക്വട്ടേഷന് ധനവകുപ്പ് അനുമതി നൽകി. കൂടുതൽ തുക ആവശ്യമായി വന്നാൽ പിന്നീടു നൽകും. ഞൊടിയിടയിൽ അധിക സിസിടിവി സംവിധാനം സ്ഥാപിക്കാനുള്ള ടെൻഡർ പൊതുമരാമത്ത് വകുപ്പു ക്ഷണിച്ചു. സെപ്റ്റംബർ 20നകം ടെൻഡർ സമർപ്പിക്കാൻ നിർദേശം നൽകി.
ക്ലിഫ് ഹൗസും പരിസരവും നിലവിൽതന്നെ സിസിടിവി നിരീക്ഷണത്തിലാണ്. മുഖ്യമന്ത്രിയുടെ അടുപ്പക്കാരനായ ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ. അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടെന്ന ആരോപണം ശക്തമായതിനു പിന്നാലെയാണ് സുരക്ഷ ശക്തമാക്കാൻ ഇന്റലിജൻസ് റിപ്പോർട്ട് നൽകിയത്. മുഖ്യമന്ത്രിയുടെ യാത്ര അതീവ സുരക്ഷയിലാണ്.കരിന്പൂച്ചകളുടെ അകന്പടിയോടെ ഇസഡ് ഡബിൾ പ്ലസ് സുരക്ഷയാണ് നിലവിലുള്ളത്.
മുഖ്യമന്ത്രിയുടെ ഓഫിസ് സ്ഥിതി ചെയ്യുന്ന സെക്രട്ടേറിയറ്റ് പരിസരം അതീവ സുരക്ഷാ മേഖലയായാണു പ്രഖ്യാപിച്ചിട്ടുള്ളത്. ആർഎസ്എസ് ആരോപണം ശക്തമായതിനു പിന്നാലെ ഒട്ടേറെപ്പേർ സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിനു മുന്നിലെ റോഡിലെത്തി പലവിധ ആക്ഷേപ വാക്കുകൾ ഉറക്കെ വിളിക്കുന്നതു വ്യാപകമാകുന്നതായും സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്യുന്നു.