പ്രതിഫലം പ്രതീക്ഷിച്ച് കത്തോലിക്കാസഭ ഒന്നും ചെയ്തിട്ടില്ല: മാർ റാഫേൽ തട്ടിൽ
Wednesday, September 11, 2024 1:46 AM IST
ഇരിങ്ങാലക്കുട: പ്രതിഫലം പ്രതീക്ഷിച്ചല്ല കത്തോലിക്കാസഭ പള്ളിക്കൂടവും ആതുരാലയവും അഗതിമന്ദിരവുമൊന്നും നടത്തുന്നതെന്നു സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ.
നഷ്ടക്കച്ചവടത്തിൽ സ്വർഗരാജ്യം ഉണ്ടെന്ന തിരിച്ചറിവാണ് കത്തോലിക്കാസഭയുടെ മുഖമുദ്ര. കുലീനത്വമാണ് സമുദായത്തിന്റെ സർട്ടിഫിക്കറ്റ്. ആരുടെമുന്‍പിലും കൈനീട്ടുന്ന ശീലം സീറോമലബാർ സഭയ്ക്കില്ല. അതുകൊണ്ടുതന്നെ അർഹതപ്പെട്ട പലതും നഷ്ടമായിട്ടുണ്ട്.
പക്ഷേ, അതിലും രക്തസാക്ഷിത്വത്തിന്റെ കിരീടം ചൂടിയ സന്തോഷമാണുള്ളത്- മാർ തട്ടിൽ പറഞ്ഞു. ഇരിങ്ങാലക്കുടയിൽ 47-ാം രൂപതാദിനം ഉദ്ഘാടനം ചെയ്തുപ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മോൺ. സഖറിയാസ് വാഴപ്പിള്ളി, മോൺ. ആന്റണി മാളിയേക്കൽ എന്നിവരെപ്പോലുള്ള വൈദികരത്നങ്ങൾ കൊളുത്തിവച്ച വഴിവിളക്കുകൾ അണയാതെ സൂക്ഷിക്കണമെന്ന് മാർ തട്ടിൽ പറഞ്ഞു. കുടുംബങ്ങളെ ബലപ്പെടുത്തണം.
നാടുവിട്ട് കടൽകടന്നു മറുകരയെത്താൻ വ്യഗ്രതകൂട്ടുന്ന യുവസമൂഹമുള്ള ഒരു കാലഘട്ടമാണിത്. കാശുണ്ടാക്കാൻ എളുപ്പവഴിയിൽ ക്രിയചെയ്യുന്ന ഒരു സന്പ്രദായം നമ്മുടെ ഇടയിൽ ഉണ്ടാകാൻ പാടില്ല. അതിനെ പരമാവധി നിരുത്സാഹപ്പെടുത്തുകയും കുടുംബങ്ങളെ ശക്തീകരിക്കുകയും വേണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ബിഷപ് മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷത വഹിച്ചു. മേജർ ആർച്ച്ബിഷപ്പിന് ഇരിങ്ങാലക്കുട രൂപതയുടെ ഔദ്യോഗികസ്വീകരണവും സമ്മേളനത്തിൽ നൽകി. മാർ തട്ടിലിനെ ബിഷപ് മാർ പോളി കണ്ണൂക്കാടൻ പൊന്നാടയണിയിച്ചു. രൂപതയുടെ ചരിത്രപുസ്തകവും സമ്മാനിച്ചു.
ഉരുൾപൊട്ടൽ ദുരന്തത്തിൽ അകപ്പെട്ടവരുടെ പുനരധിവാസത്തിനായി ദീപികയും കെസിബിസിയും ചേർന്നു സ്വരൂപിക്കുന്ന നിധിയിലേക്ക് 1.2 കോടി രൂപ ബിഷപ് മാർ പോളി കണ്ണൂക്കാടൻ കൈമാറി. ഭവനം നഷ്ടപ്പെട്ടവർക്കു വീട് വച്ചുനൽകാൻ ഒരു കോടി രൂപയും പുനരധിവാസ പ്രവർത്തനങ്ങൾക്കായി 20 ലക്ഷം രൂപയുമാണ് കേരള സോഷ്യൽ സർവീസ് ഫോറം എക്സിക്യുട്ടീവ് ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കലിന് കൈമാറിയത്.
സിയാൽ മുൻ എംഡി ഡോ. വി.ജെ. കുര്യനു കേരള സഭാതാരം അവാർഡ് മേജർ ആർച്ച്ബിഷപ്പും ഇരിങ്ങാലക്കുട മാർ പോളി കണ്ണൂക്കാടനും ചേർന്ന് സമ്മാനിച്ചു. കോടാനുകോടി രൂപയുടെ ക്രയവിക്രയം സത്യസന്ധമായി വിനിയോഗിച്ച് നെടുന്പാശേരി വിമാനത്താവളം മനോഹരമായി യാഥാർഥ്യമാക്കി ക്രൈസ്തവസാക്ഷ്യം നൽകിയ മഹദ്വ്യക്തിയാണ് വി.ജെ. കുര്യനെന്നു മാർ തട്ടിൽ പറഞ്ഞു.
ബെന്നി ബഹനാൻ എംപി മുഖ്യാതിഥിയായിരുന്നു. ഹൊസൂർ ബിഷപ് മാർ സെബാസ്റ്റ്യൻ പൊഴോലിപ്പറന്പിൽ, സനീഷ്കുമാർ ജോസഫ് എംഎൽഎ, ഫാ. ആന്റണി മുക്കാട്ടുകരക്കാരൻ, സിസ്റ്റർ ലൂസീന സിഎസ്സി, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡേവിസ് ഊക്കൻ എന്നിവർ ആശംസകളർപ്പിച്ചു. വികാരി ജനറാൾമാരായ മോൺ. ജോസ് മാളിയേക്കൽ സ്വാഗതവും മോൺ. വിൽസൻ ഈരത്തറ നന്ദിയും പറഞ്ഞു.
തുടർന്ന് ചാലക്കുടി കുറ്റിക്കാട് കൂർക്കമറ്റത്ത് ആരംഭിക്കുന്ന സ്നേഹസദന്റെ ആശീര്‍വാദകര്‍മവും മേജര്‍ ആര്‍ച്ച്ബിഷപ് നിര്‍വഹിച്ചു.