എഡിജിപി എം.ആര്. അജിത്കുമാറിന്റെ വിശ്വസ്തനായ, അരീക്കോട് ക്യാമ്പിലെ കമന്‍ഡാന്റ് അജിത്കുമാറിനെ ഉപയോഗിച്ചാണ് ഫോണ്‍ ചോര്‍ത്തിയത്. ഉദ്യോഗസ്ഥരായ കെ.കെ. ജിനീഷ്, എസ്. ശരത്ത്, ജയപ്രസാദ്, രൂപേഷ് എന്നിവര്‍ക്കായിരുന്നു മുഖ്യമന്ത്രിയുടേതുള്‍പ്പെടെയുള്ള ഫോണുകള്‍ ചോര്‍ത്തുന്നതിന്റെ ചുമതല.
വാട്സ് ആപ്, ഇന്‍സ്റ്റഗ്രാം, ടെലഗ്രാം അക്കൗണ്ടുകളിലും ഇവര്‍ നുഴഞ്ഞു കയറി. മുഖ്യമന്ത്രിയുടെ വീട്ടിലെ തൂപ്പുകാരിയുടെ ശബ്ദം വരെ സുജിത്ദാസ് തന്റെ കൈവശമുണ്ടെന്ന് അവകാശപ്പെട്ടതായും അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
""കേരളത്തിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെയും ഫോണ്‍ ചോര്‍ത്തുന്നുണ്ട്. മാവോയിസ്റ്റ് വിരുദ്ധ സ്ക്വാഡിനു നല്കിയ പ്രത്യേക അനുമതി ദുരുപയോഗം ചെയ്തായിരുന്നു ഇവരുടെ പ്രവൃത്തി. സ്വര്‍ണക്കടത്തിനു പുറമേ കുഴല്‍പ്പണക്കാരുടെയും പണം സുജിത്ദാസും സംഘവും തട്ടിയെടുക്കുന്നുണ്ട്.
എഡിജിപി അജിത്കുമാറിനെ ആരാണ് സംരക്ഷിക്കുന്നത് എന്ന് എനിക്കറിയില്ല. കേസ് അന്വേഷണത്തിന് പോയ വനിതാ പോലീസ് ഓഫീസര്‍ മൈസൂരില്‍വച്ച് അപകടത്തില്‍ പരിക്കേറ്റ് മരിച്ചു. കൃത്യമായ ചികില്‍സ ലഭിക്കാതെ ഇവര്‍ മരിക്കാനിടയാക്കിയതും സ്വര്‍ണക്കള്ളക്കടത്ത് സംഘവുമായുള്ള അജിത്കുമാറിന്റെ പങ്കും അന്വേഷിക്കണം’’- അന്‍വര്‍ ആവശ്യപ്പെട്ടു.