അജിത്കുമാറിനെ ഒഴിവാക്കണമെന്ന് എൽഡിഎഫ് ഘടകകക്ഷികളും
സ്വന്തം ലേഖകൻ
Monday, September 9, 2024 3:51 AM IST
തിരുവനന്തപുരം: ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ. അജിത്കുമാറിന്റെ ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചാ വിവാദത്തിനു പിന്നാലെ എൽഡിഎഫിലും അതൃപ്തി. അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽനിന്ന് ഒഴിവാക്കണമെന്ന ആവശ്യം ഭൂരിഭാഗം ഇടതുമുന്നണി ഘടകകക്ഷികൾക്കുമുണ്ട്. അജിത് കുമാറിനെതിരേ നടപടിയെടുക്കേണ്ടത് ആഭ്യന്തരവകുപ്പല്ലേ എന്ന ചോദ്യമാണ് എൽഡിഎഫ് കണ്‍വീനർ ടി.പി. രാമകൃഷ്ണൻ ഉന്നയിക്കുന്നത്.
എന്നാൽ അജിത്കുമാറിനെ പൂർണമായി സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്ന വിമർശനവും ഉയരുന്നുണ്ട്. കോവളത്തെ അജിത്കുമാറിന്റെ ആർഎസ്എസ് നേതാവ് റാം മാധവുമായുള്ള കൂടിക്കാഴ്ചയിൽ ഭരണകക്ഷിയിൽ പെട്ട ചില രാഷ്ട്രീയ നേതാക്കളും ഒപ്പമുണ്ടായിരുന്നുവെന്ന ആരോപണത്തിനും ഇതുവരെ ഭരണ നേതൃത്വം മറുപടി നൽകിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അടുത്ത ദിവസങ്ങളിൽ പുറത്തുവിടുമെന്ന സൂചനയുമുണ്ട്. ആർഎസ്എസ് നേതാവുമായുള്ള കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ടു സിപിഎം നേതാക്കളും പ്രതികരണത്തിനില്ല.
പി.വി. അൻവർ എംഎൽഎയുടെ വിമർശനങ്ങളുണ്ടായ ശേഷം ഇതുവരെ മുഖ്യമന്ത്രി മാധ്യമ പ്രവർത്തകരെയും കണ്ടിട്ടില്ല. മുഖ്യമന്ത്രിയും സംസ്ഥാന പോലീസ് മേധാവിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലും ക്രമസമാധാന ചുമതലയുള്ള അജിത് കുമാറിനെ കൈവിടുന്ന ഒരു സമീപനവും മുഖ്യമന്ത്രി സ്വീകരിച്ചില്ല.
വിവാദങ്ങൾ കനക്കുന്നതിനിടെ എഡിജിപി എം.ആർ അജിത്ത് കുമാർ 14 മുതൽ നാലു ദിവസത്തേക്ക് അവധി അപേക്ഷ നൽകിയിട്ടുണ്ട്. ഈ അവധി നീട്ടാനും സാധ്യതയുണ്ട്. സ്വകാര്യ ആവശ്യത്തിനായി അവധി അനുവദിക്കണമെന്നായിരുന്നു എഡിജിപിയുടെ ആവശ്യം.