സിനിമാ നയരൂപീകരണ സമിതി ആദ്യയോഗം ചേര്‍ന്നു
Sunday, September 8, 2024 1:42 AM IST
കൊച്ചി: സിനിമാ നയരൂപീകരണ സമിതിയുടെ ആദ്യയോഗം കൊച്ചിയില്‍ ചേര്‍ന്നു. സമിതി ഓരോ സംഘടനയുമായും ചര്‍ച്ച ചെയ്തു വിവരങ്ങള്‍ ശേഖരിക്കും. അവരുടെ വിശ്വാസങ്ങളും ധാരണകളും എന്താണെന്നു തിരിച്ചറിഞ്ഞശേഷമാകും നയരൂപവത്കരണത്തിലേക്ക് അടക്കം കടക്കുകയെന്ന് സിനിമാ നയരൂപീകരണ സമിതി ചെയര്മാന് ഷാജി എന്‍. കരുണ്‍ പറഞ്ഞു.
വരുംദിവസങ്ങളില്‍ ‘അമ്മ' ഉള്‍പ്പെടെയുള്ള സംഘടനകളുമായി സമിതി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സിനിമാമേഖലയിലുണ്ടായ വെല്ലുവിളികളും പ്രതിസന്ധികളും സംസ്ഥാനസര്‍ക്കാര്‍ ഗൗരവത്തോടെയാണു കാണുന്നതെന്ന് ചലച്ചിത്ര അക്കാദമി ചെയര്മാന് പ്രേംകുമാര്‍ പറഞ്ഞു.
ഈ മേഖലയില്‍ ആരോഗ്യപരമായ മാറ്റമാണു സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. നയരൂപവത്കരണ ചര്‍ച്ചയെക്കുറിച്ച് മാക്ട ഫെഡറേഷനെ അറിയിച്ചില്ലെന്ന പരാതി ലഭിച്ചിട്ടുണ്ട്. അതു പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിനിമാ നയരൂപീകരണവുമായി ബന്ധപ്പെട്ട കമ്മിറ്റിയില്‍ മാക്ട ഫെഡറേഷനെക്കൂടി ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടു ജനറല്‍ സെക്രട്ടറി ബൈജു കൊട്ടാരക്കര ഷാജി എന്‍. കരുണിന് കത്തു നല്കി.
എറണാകുളം താജ് വിവാന്ത ഹോട്ടലില്‍ നടന്ന യോഗത്തില്‍ ബി. ഉണ്ണിക്കൃഷ്ണന്, നിഖില വിമല്‍, ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രന്, ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് സെക്രട്ടറി ബി. രാകേഷ്, നിര്‍മാതാക്കളായ ജി. സുരേഷ്കുമാര്‍, സാന്ദ്ര തോമസ്, സംവിധായകന് മധുപാല്‍, അനില്‍ തോമസ്, എവര്‍ഷൈന്‍ മണി, സന്ദീപ് സേനന് തുടങ്ങിയവരും കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന് പ്രതിനിധികളും പങ്കെടുത്തു.
നയരൂപീകരണ സമിതിയില്‍ എംഎല്‍എയും നടനുമായ മുകേഷ് ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ലൈംഗികാരോപണം നേരിടുന്ന നടന് സമിതിയില്‍ ഉണ്ടായതു വലിയ വിവാദങ്ങള്‍ക്കിടയാക്കിയതോടെ പിന്നീട് ഒഴിവാക്കുകയായിരുന്നു.
സിനിമാ രംഗത്തെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ആളുകളുമായി ചര്‍ച്ച നടത്തി അവരുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ശേഖരിച്ച് മേഖലയില്‍ ഒരു നയം രൂപവത്കരിക്കുക എന്നതാണു സമിതിയുടെ ലക്ഷ്യം.
സംഘടനകളുമായി ചര്‍ച്ച നടത്തി കരട് രേഖ തയാറാക്കി അതു സിനിമാ കോണ്‍ക്ലേവില്‍ അവതരിപ്പിക്കും. അവിടെ ഉയരുന്ന ചര്‍ച്ചകളുടെയും അഭിപ്രായങ്ങളുടെയും വിശദമായ ഡ്രാഫ്റ്റ് തയാറാക്കി സര്‍ക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും പരിഗണനയ്ക്കു വയ്ക്കും. തുടര്‍ന്നായിരിക്കും സിനിമാനയം സര്‍ക്കാര്‍ രൂപവത് കരിക്കുക. 2023 ഓഗസ്റ്റില്‍ നയരൂപീകരണ സമിതി രൂപവത്കരിച്ചെങ്കിലും ചര്‍ച്ചകളിലേക്കു കടക്കാന്‍ കഴിഞ്ഞിരുന്നില്ല.