മൊറാഴയിലെ ബഹിഷ്കരിച്ച ബ്രാഞ്ച് സമ്മേളനം പിന്നീട്; അംഗങ്ങളെ അനുനയിപ്പിക്കാൻ ഗോവിന്ദനും ജയരാജനും
Friday, September 6, 2024 1:51 AM IST
കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നാടായ മൊറാഴയിൽ അംഗങ്ങൾ ബഹിഷ്കരിച്ച ബ്രാഞ്ച് സമ്മേളനം വീണ്ടും നടത്താൻ തീരുമാനം. ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളെ അനുനയിപ്പിക്കാൻ എം.വി. ഗോവിന്ദനും സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജനും ശ്രമങ്ങൾ തുടങ്ങി.
പാർട്ടി സെക്രട്ടറിയുടെയും കമ്യൂണിസ്റ്റ് പോരാട്ടങ്ങളുടെയും നാടായ മൊറാഴയിൽ നേതൃത്വത്തെ വെല്ലുവിളിച്ച് പാർട്ടി അംഗങ്ങൾ സമ്മേളനം ബഹിഷ്കരിച്ചതു സിപിഎമ്മിനെ ഞെട്ടിച്ചിരുന്നു. തുടർന്ന് ചൊവ്വാഴ്ച രാത്രിതന്നെ മൊറാഴ ലോക്കൽ കമ്മിറ്റി അടിയന്തര യോഗം ചേർന്ന് എത്രയും പെട്ടെന്ന് തർക്ക വിഷയം പരിഹരിച്ച് പാർട്ടി അംഗങ്ങളെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സംസ്ഥാന സെക്രട്ടറിയും ജില്ലാ സെക്രട്ടറിയും അനുനയനീക്കങ്ങളുമായി രംഗത്തുവന്നത്.