വയനാട്ടിൽ മരിച്ചവരുടെ ആശ്രിതർക്ക് ആറു ലക്ഷം
Thursday, August 15, 2024 1:25 AM IST
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് ആറ് ലക്ഷം രൂപ വീതം ധനസഹായം അനുവദിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ദുരന്തപ്രതികരണ നിധിയിൽ നിന്നുള്ള നാലു ലക്ഷത്തിനു പുറമേ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് രണ്ടു ലക്ഷം രൂപകൂടി ചേർത്താണ് ആറ് ലക്ഷം രൂപ ലഭിക്കുകയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
ഉരുൾപൊട്ടലിൽ കണ്ണുകൾ, കൈകാലുകൾ എന്നിവ നഷ്ടപ്പെട്ടവർക്കും 60 ശതമാനത്തിൽ കൂടുതൽ വൈകല്യം ബാധിച്ചവർക്കും 75,000 രൂപ വീതവും 40% മുതൽ 60% വരെ വൈകല്യം ബാധിച്ചവർക്ക് 50,000 രൂപ വീതവും സിഎംഡിആർഎഫിൽനിന്ന് അനുവദിക്കും. ദുരന്തപ്രതികരണ നിധിയിൽനിന്നുള്ള 16,000 രൂപയ്ക്കു പുറമേയാണിത്.
സാക്ഷ്യപത്രം അടിസ്ഥാനമാക്കി വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരുടെ അവകാശികൾക്ക് സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിക്കുള്ള അധികാരത്തിന് വിധേയമായി നഷ്ടപരിഹാരം നൽകുന്നതിന് ഉത്തരവ് പുറപ്പെടുവിക്കും. കോവിഡിന്റെ സമയത്ത് സ്വീകരിച്ചതിന് സമാനമായ രീതിയാണിത്.
ഇതനുസരിച്ചു പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് കൂടാതെതന്നെ ഭാര്യ, ഭർത്താവ്, മക്കൾ, മാതാപിതാക്കൾ എന്നിവർക്ക് നഷ്ടപരിഹാരം ലഭിക്കും.
സഹോദരൻ, സഹോദരി എന്നിവർ ആശ്രിതരാണെങ്കിൽ അവർക്കും സഹായം ലഭിക്കും. പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള കാലതാമസം പൂർണമായി ഒഴിവാക്കാനാകും.
പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിനു മുൻപ് ആക്ഷേപമുന്നയിക്കുന്നതിനുള്ള നോട്ടീസ് സമയപരിധിയായ 30 ദിവസമെന്നുള്ളത് പൂർണമായി ഒഴിവാക്കും.