വാഴക്കോട് പെട്രോൾ പമ്പിൽ വൻ തീപിടിത്തം
Wednesday, July 24, 2024 2:50 AM IST
വടക്കാഞ്ചേരി: മുള്ളൂർക്കര വാഴക്കോട് എച്ച്.പി. ഖാൻ പെട്രോൾ പമ്പിൽ വൻ തീപിടിത്തം. ഒഴിവായതു വൻദുരന്തം. ഇന്നലെ രാവിലെ പത്തരയോടെയാണ് പമ്പിൽ തീപിടിത്തം ഉണ്ടായത്. പമ്പിന് 100 മീറ്റർ അകലെനിന്നു റോഡിലൂടെ തീപടർന്ന് പമ്പിലെ ടാങ്കിന്റെ ഭാഗത്തെത്തുകയായിരുന്നു. പമ്പ് ജീവനക്കാരും ഫയർഫോഴ്സും പോലീസും സമയോചിതമായി ഇടപെട്ടതിനാൽ വൻദുരന്തം ഒഴിവായി.
കഴിഞ്ഞയാഴ്ചയുണ്ടായ അതിശക്തമായ മഴയിൽ ടാങ്കിൽ വെള്ളം കലരുകയും ടാങ്ക് ക്ലീൻ ആക്കുന്നതിന്റെ ഭാഗമായി വെള്ളം കലർന്ന പെട്രോൾ വലിയ വാട്ടർ ടാങ്കിലേക്കു മാറ്റി സമീപത്തു സൂക്ഷിക്കുകയും ചെയ്തിരുന്നു. ഈ വാട്ടർ ടാങ്കിൽ ഉണ്ടായ ചോർച്ചയിൽ വെള്ളംകലർന്ന പെട്രോൾ റോഡരികിലേക്ക് ഒഴുകി. റോഡിലൂടെ സഞ്ചരിച്ച യാത്രക്കാരിൽ ആരോ പുകവലിച്ച് ഉപേക്ഷിച്ച ബീഡിക്കുറ്റിയിൽനിന്നു തീപടർന്നാണ് സംഭവം ഉണ്ടായതെന്നാണ് സൂചന.
സംഭവസമയത്തു പമ്പിലേക്ക് ഇന്ധനവുമായി ടാങ്കർ ലോറിയും എത്തിയിട്ടുണ്ടായിരുന്നു. തീ പടർന്നതോടെ ലോറി മറ്റൊരിടത്തേക്കു മാറ്റിയിടുകയായിരുന്നു. പമ്പിനു സമീപം സൂക്ഷിച്ചിരുന്ന ഇരുചക്രവാഹനം തീപിടിത്തത്തിൽ കത്തിനശിച്ചിട്ടുണ്ട്. അതേസമയം ഒരാഴ്ചയായി മേഖലയിൽ പെട്രോളിന്റെ സാന്നിധ്യം ഉണ്ടായിരുന്നുവെന്ന് ആരോപിച്ച് സംഭവസ്ഥലത്തു നാട്ടുകാർ പ്രതിഷേധിച്ചു.