നിപയിൽ ആരോഗ്യവകുപ്പിന്റെ പഠന റിപ്പോർട്ട് ; "കേരളത്തിലുടനീളമുള്ള വവ്വാലുകളെ കരുതിയിരിക്കണം’
Wednesday, July 24, 2024 2:50 AM IST
ബിനു ജോർജ്
കോഴിക്കോട്: മഹാമാരികളാകാൻ സാധ്യത കൽപ്പിക്കുന്ന രോഗങ്ങളുടെ ഗണത്തിലുള്ള നിപ വൈറസിന്റെ സാന്നിധ്യം കേരളത്തിലുടനീളമുള്ള വാവ്വാലുകളിൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്നു ഗവേഷണ ഫലങ്ങൾ സൂചിപ്പിക്കുന്നതായി ആരോഗ്യവകുപ്പ്.
കേരളത്തിൽ നേരത്തേതന്നെ ഈ വൈറസിന്റെ സാന്നിധ്യമുണ്ടെന്നും 2018ൽ മാത്രമാണു കണ്ടെത്താനായതെന്നും ഗവേഷണങ്ങളിൽനിന്ന് ആരോഗ്യവകുപ്പ് കണ്ടെത്തി. ഇതുവരെയുണ്ടായ നിപ വൈറസ് വ്യാപനത്തെക്കുറിച്ച് നടത്തിയ പഠന-ഗവേഷണത്തിനൊടുവിൽ ആരോഗ്യവകുപ്പ് ഔദ്യോഗികമായി പുറത്തുവിട്ട വിവരങ്ങളാണിത്.
കോഴിക്കോട്, വയനാട് ജില്ലകളിലെ വവ്വാലുകളിലാണു നിപ വൈറസിന്റെ സാന്നിധ്യം കൂടുതലായി റിപ്പോർട്ട് ചെയ്തിരിക്കുന്നതെങ്കിലും എറണാകുളം, ഇടുക്കി, മലപ്പുറം എന്നിവിടങ്ങളിലും ഈ വൈറസിന്റെ സാന്നിധ്യം നേരത്തേതന്നെ കണ്ടെത്തിയിട്ടുണ്ട്. മറ്റു ജില്ലകളിൽ പഠനങ്ങൾ നടന്നുവരുന്നതേയുള്ളൂ.
പഠനം പൂർത്തിയാകുന്പോൾ കേരളത്തിലെ മുഴുവൻ ജില്ലകളിലും വവ്വാലുകളിൽ നിപ വൈറസിന്റെ സാന്നിധ്യം കണ്ടെത്താൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പ് കണ്ടെത്തിയിരിക്കുന്നത്.
ഇതിനകം റിപ്പോർട്ട് ചെയ്ത വൈറസ് ബാധ പഠനവിധേയമാക്കിയപ്പോൾ രോഗബാധിതരായ ആളുകളിൽനിന്നു കുടുംബങ്ങൾക്കുള്ളിലും ആശുപത്രികൾ കേന്ദ്രീകരിച്ചും വൈറസ് ബാധ മറ്റുള്ളവരിലേക്കു പകർന്നുവെന്നും ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. കേരളത്തിൽ വവ്വാലുകളിൽനിന്നു നിപ വൈറസ് മനുഷ്യർക്കിടയിലേക്ക് എത്തിയത് 2018, 2019, 2021, 2023, 2024 വർഷങ്ങളിലാണ്.
ഇതിൽ 2018ലും 2023ലും കുടുംബങ്ങൾക്കുള്ളിലും ആശുപത്രികൾ കേന്ദ്രീകരിച്ചും വൈറസ് പടർന്നുവെന്നും ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ആശുപത്രികളിലെ തിരക്കേറിയ കാഷ്വാലിറ്റികൾ, അത്യാഹിത വിഭാഗം, പരിശോധനാ മുറികൾ എന്നിവിടങ്ങളിൽനിന്നാണ് വൈറസ് ബാധ എളുപ്പത്തിൽ പടർന്നത്.
കേരളം ഇതിനകം അഭിമുഖീകരിച്ച നിപ അണുബാധകൾ ആരോഗ്യവകുപ്പ് പഠന വിധേയമാക്കിയതിന്റെ സംക്ഷിപ്ത രൂപം
►കേരളത്തിൽ കണ്ടെത്തിയ നിപ വൈറസ് വകഭേദം ബംഗ്ലാദേശിൽ കാണപ്പെടുന്ന നിപ വൈറസുമായി ജനിതകമായി സാമ്യമുള്ളതാണെങ്കിലും അവിടെനിന്നു വന്നതല്ലെന്നാണു ശാസ്ത്രാഭിപ്രായം. ജനിതക പ്രത്യേകതകൾ കാണിക്കുന്നത് കേരളത്തിൽ നേരത്തെതന്നെ ഈ വൈറസ് വവ്വാലുകളിൽ കുറച്ചുകാലമായി ഉണ്ടെന്നാണ്. പക്ഷെ 2018 ൽ മാത്രമാണ് കണ്ടെത്തിയത്.
►2018 മുതൽ 2023 വരെയുള്ള കാലയളവിൽ കേരളത്തിൽ മനുഷ്യരിലും വവ്വാലുകളിലും കണ്ടെത്തിയ നിപ വൈറസുകളിൽ കാര്യമായ ജനിതക വ്യത്യാസങ്ങൾ കാണുന്നില്ല.
►പഴംതീനി വവ്വാലുകളിൽ കാണപ്പെടുന്ന നിപ വൈറസ് ഏതൊക്കെ രീതിയിലാണ് മനുഷ്യരിലേക്കു എത്തിച്ചേരുക എന്നതിനു കുത്യമായ തെളിവുകൾ ലഭിച്ചിട്ടില്ല. ഏതെങ്കിലും മൃഗങ്ങൾ വവ്വാലുകൾക്കും മനുഷ്യർക്കും ഇടയിൽ രോഗവാഹകരായി പ്രവർത്തിക്കുന്നുണ്ടോ എന്ന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതുസംബന്ധിച്ച ഗവേഷണം പുരോഗമിക്കുന്നു.
►നിപ വൈറസ് സൃഷ്ടിക്കുന്ന മരണനിരക്ക് 90 ശതമാനത്തിൽനിന്ന് 33 ശതമാനത്തിലേക്കു കുറച്ചുകൊണ്ടുവരാൻ സംസ്ഥാന ആരോഗ്യ വകുപ്പിനു കഴിഞ്ഞിട്ടുണ്ട്.
►കേരളത്തിൽ ഉണ്ടായിട്ടുള്ള എല്ലാ നിപ ബാധകളും മേയ് മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിലാണ് നടന്നത്. വവ്വാലുകളുടെ ഇണചേരലും പ്രജനനവും നടക്കുന്ന സമയമാണിത്. നാട്ടിലെ എല്ലാ പഴവർഗങ്ങളും മൂത്തു പഴുക്കുന്ന സീസണാണിത്.
►വവ്വാലുകളെ പിടികൂടുക, അവയുടെ ആവാസ വ്യവസ്ഥ തകർക്കുക, ഭയപ്പെടുത്തുക തുടങ്ങിയ സാഹചര്യങ്ങൾ വൈറസുകൾ കൂടുതലായി മനുഷ്യരിലേക്ക് എത്തുന്ന അവസ്ഥ സൃഷ്ടിക്കും.