കായൽ ചെമ്മീന് വില ഇടിഞ്ഞു
Monday, July 22, 2024 4:05 AM IST
വൈപ്പിൻ: അമേരിക്കൻ വിലക്കിന്റെ പേരിൽ എല്ലാത്തരം ചെമ്മീനുകളും കയറ്റുമതിക്കാർ വാങ്ങാതായതോടെ കാര, നാരൻ ചെമ്മീനുകളുടെ വില കുത്തനെ ഇടിഞ്ഞു. കായലിൽ കടലാമകളുടെ സാന്നിധ്യം ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയിൽനിന്നും വൻ തോതിൽ കയറ്റുമതി ചെയ്തിരുന്ന കാര, നാരൻ, പൂവാലൻ, കരിക്കാടി തുടങ്ങിയ ചെമ്മീനുകൾക്ക് അമേരിക്ക നിരോധനം ഏർപ്പെടുത്തിയത്.
കയറ്റുമതി മേഖലയിൽ കായൽ ചെമ്മീൻ എന്നോ കടൽ ചെമ്മീനെന്നോ വേർതിരിവ് ഇല്ലാത്തതാണ് നിരോധനത്തിൽ കായൽ ചെമ്മീനും പെട്ടുപോയത്. എന്നാൽ, കേരളത്തിൽനിന്നു കയറ്റുമതി ചെയ്യുന്ന നല്ലൊരു ഭാഗം കാര, നാരൻ ചെമ്മീനുകൾ കായലുകളിൽനിന്ന് പിടിക്കുന്നതും തണ്ണീർത്തടങ്ങളിൽ കൃഷി ചെയ്ത് എടുക്കുന്നവയുമാണ്. ഇവയ്ക്കൊന്നും കടലാമയുടെ ആവാസവ്യവസ്ഥയുമായി പുലബന്ധം പോലുമില്ല.
ഏറ്റവും വലുപ്പം കൂടിയ കാരച്ചെമ്മീന് കിലോയ്ക്ക് 1,150 രൂപ വരെ ഉണ്ടായിരുന്നത് ഇപ്പോൾ ഇത് 600ഉം 700ഉം ആയി കുറഞ്ഞു. നാരൻ ചെമ്മീൻ വലുതിന് 700 രൂപ വരെ ഉണ്ടായിരുന്നത് 300ഉം 350മായി.
ചൂടനും തെള്ളിക്കുമെല്ലാം വൻ വിലയിടിവാണ് സംഭവിച്ചിരിക്കുന്നത്. മുൻകാലങ്ങളെ അപേക്ഷിച്ച് പ്രാദേശിക മാർക്കറ്റുകളിൽ ചെമ്മീനുകൾ നല്ല തോതിൽ വിറ്റുപോകുന്നതാണ് കർഷകർക്കും മത്സ്യത്തൊഴിലാളികൾക്കും ആകെയുള്ള ആശ്വാസം.
സാഹചര്യങ്ങൾ ഇതായിരിക്കേ ബന്ധപ്പെട്ടവരെ യാഥാർഥ്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്താൻ കേന്ദ്ര-സംസ്ഥാന സർക്കാരോ എജൻസികളോ ആത്മാർഥമായി ശ്രമിക്കുന്നില്ലെന്നാണ് മത്സ്യമേഖലയിലെ ആരോപണം.