എൽദോസ് കുന്നപ്പിള്ളിക്കെതിരേ കുറ്റപത്രം സമർപ്പിച്ചു
Thursday, May 23, 2024 1:57 AM IST
തിരുവനന്തപുരം: യുവതിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ കെപിസിസി അംഗവും കോണ്ഗ്രസ് എംഎൽഎയുമായ എൽദോസ് കുന്നപ്പിള്ളിക്കെതിരേ ക്രൈംബ്രാഞ്ച് സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
ബലാത്സംഗം, വധശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് എംഎൽഎയ്ക്കെതിരേ കുറ്റപത്രം നൽകിയിരിക്കുന്നത്. എൽദോസിന്റെ രണ്ടു സുഹൃത്തുക്കളെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്.
ഒന്നിലേറെ തവണ യുവതിയെ ബലാത്സംഗത്തിനിരയാക്കിയിട്ടുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. വിഴിഞ്ഞത്തെ അടിമലത്തുറയിലെ റിസോർട്ടിൽവച്ചും തൃക്കാക്കരയിലെയും കുന്നത്തുനാട്ടിലെയും വീട്ടിൽവച്ചും എൽദോസ് തന്നെ ബലാത്സംഗം ചെയ്തെന്നു യുവതി അന്വേഷണ സംഘത്തിനു മുൻപാകെ മൊഴി നൽകിയിരുന്നു.
ഈ മൊഴിയുടെയും അന്വേഷണത്തിന്റെയും അടിസ്ഥാനത്തിലാണ് എംഎൽഎയ്ക്കെതിരേ ബലാത്സംഗം, വധശ്രമം എന്നീ കുറ്റങ്ങൾ ചുമത്തിയത്. കോവളത്തെ ഉയർന്ന പ്രദേശത്ത് വച്ച് തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ചെന്നും യുവതി പരാതിപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് വധശ്രമക്കുറ്റം ചുമത്തിയത്.
ജില്ലാ ക്രൈംബ്രാഞ്ചാണ് അന്വേഷണം നടത്തി നെയ്യാറ്റിൻകര കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. സുഹൃത്തുക്കളായ റനീഷ, സിപ്പി നൂറുദ്ദീൻ എന്നിവരെയും കേസിൽ പ്രതിയാക്കിയിട്ടുണ്ട്. യുവതി പോലീസിൽ നൽകിയ പരാതി പിൻവലിക്കാൻ ഇരുവരും ഭീഷണിപ്പെടുത്തിയ കുറ്റമാണ് ഇരുവർക്കുമെതിരേ ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ അഞ്ചു വർഷമായി യുവതിയും എംഎൽഎയും തമ്മിൽ പരിചയം ഉണ്ടായിരുന്നുവെന്നും 2022 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായതെന്നുമാണു പോലീസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കുന്നത്.