മൂന്നാര്‍ മൗണ്ട് കാര്‍മല്‍ പള്ളി ബസിലിക്ക പ്രഖ്യാപനം 25ന്
Thursday, May 23, 2024 1:57 AM IST
കോട്ടയം: ഹൈറേഞ്ചിലെ ആദ്യത്തെ കത്തോലിക്കാ പള്ളിയായ മൂന്നാര്‍ മൗണ്ട് കാര്‍മല്‍ പള്ളിയുടെ ബസിലിക്ക പ്രഖ്യാപനം 25നു നടക്കും.
ഉച്ചകഴിഞ്ഞ് രണ്ടിനു വിജയപുരം ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരിലിന്റെയും സഹായമെത്രാന്‍ ഡോ. ജസ്റ്റിന് മഠത്തില്പറമ്പിലിന്റെയും കാര്‍മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന പൊന്തിഫിക്കല്‍ ദിവ്യബലിയില്‍ മാര്‍പാപ്പയുടെ ഡിക്രി വായിക്കും. സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവാ അനുഗ്രഹപ്രഭാഷണം നടത്തും.
ബസിലിക്ക ഡയറക്ടര്‍ ഫാ. മൈക്കിള്‍ വലയിഞ്ചിയുടെയും രൂപതയിലെ വൈദികരുടെയും വിശ്വാസസമൂഹത്തിന്റെയും മൂന്നാര്‍ ജനതയുടെയും നേതൃത്വത്തില്‍ ബസിലിക്ക പ്രഖ്യാപനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 1898ല്‍ കര്‍മല മാതാവിന്റെ നാമധേയത്തില്‍ മൂന്നാര്‍ കര്‍മല മലയില്‍ ഉയര്‍ന്നുവന്ന താത്കാലിക ഷെഡാണ് മൗണ്ട് കാര്‍മല്‍ പള്ളി.
1909ല്‍ തേയില കമ്പനിയുടെയും വിദേശ മിഷണറിമാരുടെയും തോട്ടം തൊഴിലാളികളുടെയും സഹകരണത്തോടെ പുതിയ പള്ളി പണിതുയര്‍ത്തി. 1920ല്‍ കുറച്ചുകൂടി വിസ്തൃതി കൂട്ടി. മൂന്നാര്‍ പള്ളി തുടക്കകാലത്ത് വരാപ്പുഴ രൂപതയുടെ കീഴിലുള്ള ആലുവ പള്ളിയുടെ മിഷന് കേന്ദ്രമായിരുന്നു.
മലബാര്‍ വികാരിയാത്തിന്റെയും വരാപ്പുഴ വികാരിയാത്തിന്റെയും പിന്നീട് വരാപ്പുഴ അതിരൂപതയുടെയും നേതൃത്വം വഹിച്ചിരുന്ന കര്‍മലീത്ത മിഷണറിമാരായ മെത്രാന്മാരും വൈദികരുമാണ് ഹൈറേഞ്ചിലേക്കുള്ള മിഷന് പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചത്.
മൂന്നാര്‍ പള്ളിക്ക് ഭൂമിയും കെട്ടിടത്തിന് ആവശ്യമായ ധനസഹായവും നല്കിയതും പിന്നീട് മൂന്നാറിലെ വിവിധ മിഷന് കേന്ദ്രങ്ങള്‍ക്കും ഇടവകള്ക്കുമുള്ള ഭൂമിയും ദാനമായി നല്കിയതും കണ്ണന്‍ദേവന്‍ കമ്പനിയുടെ വിവിധ കാലഘട്ടങ്ങളിലെ ഭരണനേതൃത്വമാണ്.
വരാപ്പുഴ അതിരൂപതയുടെ ഭരണസീമയിലായിരുന്നു മൂന്നാര്‍. എയ്ഞ്ചല്‍ മേരി മെത്രാപ്പോലീത്തയുടെ കാലത്ത് 1927ല്‍ വരാപ്പുഴ അതിരൂപതയെ രണ്ടായി തിരിച്ചു. എറണാകുളം കേന്ദ്രമാക്കി വടക്കേഭാഗവും കോട്ടയം കേന്ദ്രമാക്കി തെക്കേഭാഗവും രൂപീകരിച്ചു.
തെക്കേഭാഗം പിന്നീട് 1930 ജൂലൈ 14നു വിജയപുരം രൂപതയായി പ്രഖ്യാപിക്കപ്പെട്ടു. വിജയപുരം രൂപത രൂപീകൃതമായപ്പോള്‍ അന്നത്തെ കോട്ടയം ജില്ലയില്‍ ഉള്‍പ്പെട്ടിരുന്ന ഇന്നത്തെ ഇടുക്കി ജില്ലയും അതിന്റെ ഭാഗമായ ദേവികുളം താലൂക്കും കണ്ണന്‍ദേവന്‍ മലനിരകളും മൂന്നാറുമെല്ലാം വിജയപുരം മിഷന് രൂപതയുടെ കീഴിലായി മാറി.
വിജയപുരം രൂപതയെ കാലാകാലങ്ങളായി നയിച്ച മെത്രാന്മാർ ദീര്‍ഘവീക്ഷണത്തോടെ പ്രാര്‍ഥനാപൂര്‍വം നടത്തിയ മിഷന് പ്രവര്‍ത്തനങ്ങളുടെ നേര്‍സാക്ഷ്യമാണ് ഹൈറേഞ്ച് മിഷന് കേന്ദ്രങ്ങളുടെ വളര്‍ച്ചയും മികവും. ബസിലിക്ക പ്രഖ്യാപനത്തിനു മുന്നോടിയായി 24നു വൈകുന്നേരം അഞ്ചിന് ജാഗര ശുശ്രൂഷകളും 26ന് ശതോത്തര രജതജൂബിലി സമാപന ആഘോഷവും നടത്തും.
സഹായ മെത്രാന് ഡോ. ജസ്റ്റിന് മഠത്തില്‍പറമ്പില്‍ ജൂബിലി ആഘോഷങ്ങളില്‍ മുഖ്യാതിഥിയായിരിക്കും. ഫാ. ജേക്കബ് പാക്സി ആലുങ്കല്‍ ഒസിഡി സന്ദേശം നല്‍കും. തുടര്‍ന്നു പൊതുസമ്മേളനവും ഉണ്ടാകും.