സംഗമഗ്രാമ മാധവന്റെ പേരിൽ ഗണിതശാസ്ത്ര പഠനകേന്ദ്രം
Tuesday, March 5, 2024 1:05 AM IST
തിരുവനന്തപുരം: ഗണിതശാസ്ത്രത്തിൽ ഇന്ത്യയുടെ തനത് സംഭാവനയർപ്പിച്ച സംഗമഗ്രാമ മാധവന്റെ പേരിൽ ഗണിതശാസ്ത്ര പഠനകേന്ദ്രം സ്ഥാപിക്കുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു. അദ്ദേഹത്തിന്റെ ജന്മദേശമായ ഇരിങ്ങാലക്കുട കല്ലേറ്റുംകരയിലാണ് പഠനകേന്ദ്രമുയർത്തുകയെന്നും മന്ത്രി ഡോ. ബിന്ദു പറഞ്ഞു.
ബി.സി എട്ടു മുതൽ എ.ഡി 18 വരെയുള്ള നൂറ്റാണ്ടുകളിൽ ലോക ഗണിതശാസ്ത്രത്തിന് ഇന്ത്യ അമൂല്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്. ഇവരിൽ പ്രഥമസ്ഥാനീയനാണ് കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സ് എന്ന് ലോകം വിശേഷിപ്പിക്കുന്ന ഗുരുശിഷ്യപരന്പര സ്ഥാപിച്ച സംഗമഗ്രാമ മാധവൻ.
ലോകപ്രസിദ്ധ ഗണിതശാസ്ത്രജ്ഞൻ ജയിംസ് ഗ്രിഗറിയുടെ ആചാര്യനായി അറിയപ്പെടുന്ന സംഗമഗ്രാമ മാധവൻ, ത്രികോണമിതി, ജ്യാമിതി, കാൽക്കുലസ് എന്നിവയുടെ രൂപീകരണത്തിലും പങ്കുവഹിച്ചതായി ഗണിതശാസ്ത്രസമൂഹം വിലയിരുത്തുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.