മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഒന്നാം തീയതി ശന്പളം, ജീവനക്കാർക്ക് പിച്ചച്ചട്ടി: കെ. സുധാകരൻ
Monday, March 4, 2024 4:47 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഒന്നാം തീയതി ശന്പളം നൽകുന്പോൾ അധ്യാപകരെയും ജീവനക്കാരെയും പെൻഷൻകാരെയും പിച്ചച്ചട്ടിയെടുക്കേണ്ട ഗതികേടിലെത്തിച്ചത് പിണറായി സർക്കാരിന്റെ കഴിവുകേടും കെടുകാര്യസ്ഥതയും മൂലമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി.
യാതൊരു തത്വദീക്ഷയുമില്ലാതെ ഖജനാവിലെ പണം ധൂർത്തടിച്ചതിന്റെ പരിണതഫലമാണ് ഇപ്പോഴുണ്ടായ സാന്പത്തിക പ്രതിസന്ധിക്ക് കാരണം. ക്ഷേമപെൻഷൻ കുടിശികയാണ്. ആറര ലക്ഷം വരുന്ന പെൻഷൻകാർക്ക് പെൻഷൻ മുടങ്ങി. സർക്കാരാണ് ഇതിനെല്ലാം ഉത്തരവാദി.ജീവനക്കാരും അധ്യാപകരും പെൻഷൻകാരും അവരുടെ ആശ്രിതരും അടക്കം 50 ലക്ഷത്തോളം പേരെയാണ് ഇത് പ്രത്യക്ഷത്തിൽ ബാധിക്കുന്നത്.
ശന്പളവും പെൻഷനുമായി വിതരണം ചെയ്യുന്ന പണമാണ് പൊതു വിപണിയെ ചലനാത്മകമാക്കുന്നത്. ഇത് യഥാസമയം നൽകാൻ കഴിയാത്തതിനാൽ വിപണിയിൽ രൂക്ഷമായ പ്രതിസന്ധി ഉണ്ടാകും. ശന്പളത്തിന്റെയും പെൻഷന്റെയും ഭൂരിപക്ഷവും സർക്കാർ ജീവനക്കാർ ചെലവഴിക്കുന്നത് സന്പാദ്യത്തിനല്ല, മറിച്ച് നിത്യനിദാന ചെലവുകൾ നടത്തിക്കൊണ്ടു പോകാനാണെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.