ക്രൈസ്തവര്‍ക്ക് സംവരണം അനുവദിക്കണം: നാഷണല്‍ പ്രോഗ്രസീവ് പാര്‍ട്ടി
Thursday, September 28, 2023 6:27 AM IST
കൊച്ചി: ഭാരതത്തിലെ ന്യൂനപക്ഷങ്ങളായ ക്രിസ്ത്യാനികള്‍ക്ക് സംവരണ ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്നു കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളോട് നാഷണല്‍ പ്രോഗ്രസീവ് പാര്‍ട്ടി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കലൂര്‍ റിന്യൂവല്‍ സെന്ററില്‍ നടന്ന പാര്‍ട്ടി സംസ്ഥാന നേതൃ കണ്‍വന്‍ഷനില്‍ യൂത്ത് ഫോറം കണ്‍വീനര്‍ ജെയ്സണ്‍ ജോണ്‍ പ്രമേയം അവതരിപ്പിച്ചു.
പാര്‍ട്ടി ചെയര്മാന് വി.വി. അഗസ്റ്റിന് കണ്വന്ഷന് ഉദ്ഘാടനം ചെയ്തു. റബര്‍, നാളികേര, നെല്ല് കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്കും മത്സ്യത്തൊഴിലാളികളുടെ ദുരവസ്ഥയ്ക്കും അടിയന്തര പരിഹാരം കാണുന്നതിന് നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കാണിക്കുന്ന അലംഭാവം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വൈസ് ചെയര്മാന് കെ.ഡി. ലൂയിസ് അധ്യക്ഷത വഹിച്ചു. സീറോ മലബാര്‍ സഭാ അല്മായ കമ്മീഷന് സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി “ക്രൈസ്തവ ന്യൂനപക്ഷങ്ങളും കേരള രാഷ്ട്രീയവും” എന്ന വിഷയത്തില്‍ സെമിനാര്‍ നയിച്ചു. ജനറല്‍ സെക്രട്ടറിമാരായ ജോയ് ഏബ്രഹാം, തമ്പി എരുമേലിക്കര തുടങ്ങിയവരും പങ്കെടുത്തു.