നവംബർ ഒന്നുമുതൽ ഒരാഴ്ച മലയാളത്തിന്റെ മഹോത്സവം
Wednesday, September 20, 2023 12:31 AM IST
തിരുവനന്തപുരം: കേരളപ്പിറവി ദിനമായ നവംബർ ഒന്നു മുതൽ ഒരാഴ്ച ‘കേരളീയം’ എന്ന പേരിൽ മലയാളത്തിന്റെ മഹോത്സവം സംഘടിപ്പിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. 25 രാജ്യാന്തര സെമിനാറുകളാണ് അഞ്ചു ദിവസങ്ങളിലായി നടത്തുന്നത്.
തിരുവനന്തപുരം നഗരമാകെ പ്രദർശന വേദിയാകുന്ന പ്രതീതിയാണു സൃഷ്ടിക്കുക. കേരളത്തിന്റെ നേട്ടങ്ങൾ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ അവതരിപ്പിക്കുന്ന പ്രദർശനങ്ങളുമുണ്ടാകും.
പത്തോളം പ്രദർശനങ്ങൾ വിവിധ വേദികളിലായി നടക്കും.കേരളത്തിന്റെ നേട്ടങ്ങളും സാംസ്കാരിക തനിമയും ലോകത്തിനു മുന്നിൽ അവതരിപ്പിക്കുക എന്നതാണു കേരളീയം പരിപാടിയുടെ ലക്ഷ്യം.തിരുവനന്തപുരം നഗരത്തിൽ കവടിയാർ മുതൽ കിഴക്കേക്കോട്ട വരെ കേരളീയവുമായി ബന്ധപ്പെട്ട പരിപാടികൾ അരങ്ങേറും.
പ്രമുഖ ചിന്തകരും വിദഗ്ധരും പങ്കെടുക്കുന്ന രാജ്യാന്തര സെമിനാറുകളാണ് പ്രധാന പരിപാടി. ഭാവി കേരളത്തിനുള്ള മാർഗരേഖ തയാറാക്കുക എന്ന ലക്ഷ്യത്തോടെയാണ് സെമിനാറുകൾ സംഘടിപ്പിക്കുന്നത്.
കലാ, സാംസ്കാരിക പരിപാടികൾ, ട്രേഡ് ഫെയറുകൾ, ഫ്ലവർ ഷോ തുടങ്ങിയവയും ഉണ്ടാകും.ഭക്ഷ്യമേളയും സംഘടിപ്പിക്കും.തിരുവനന്തപുരം നഗരം മുഴുവനും പ്രത്യേകിച്ച് ചരിത്രസ്മാരകങ്ങളും ദീപാലങ്കാരം നടത്തി വർണക്കാഴ്ച ഒരുക്കും.
നിയമസഭാ മന്ദിരത്തിൽ കഴിഞ്ഞ തവണ നടത്തിയ പുസ്തകോത്സവം ഇത്തവണ കേരളീയത്തിന്റെ ഭാഗമായി നടക്കും.ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ എത്തുന്ന സംഗമമായി ഇതിനെ മാറ്റണം എന്നാണ് ഉദ്ദേശിക്കുന്നത്. കേരളീയത്തിനു തുടർപതിപ്പുകൾ ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.