വിഴിഞ്ഞം തുറമുഖത്തിന്റെ ലോഗോ പ്രകാശനം ഇന്ന്
Wednesday, September 20, 2023 12:30 AM IST
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ലോഗോ ഇന്നു രാവിലെ 11.30നു മുഖ്യമന്ത്രി പിണറായി വിജയൻ അനാവരണം ചെയ്യും.
തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ അധ്യക്ഷത വഹിക്കും. ചടങ്ങിൽ കേരള സർക്കാർ സ്പെഷൽ പർപ്പസ് കന്പനിയായ വിഴിഞ്ഞം ഇന്റർനാഷനൽ സീ പോർട്ട് ലിമിറ്റഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാശനംധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിക്കും.
കന്പനിയുടെ സമൂഹമാധ്യമ ചാനലുകളുടെ പ്രകാശനം വ്യവസായമന്ത്രി പി. രാജീവ് നിർവഹിക്കും. പ്രിൻസിപ്പൽ സെക്രട്ടറി കെ.എസ്. ശ്രീനിവാസ് സ്വാഗതവും വിഴിഞ്ഞം ഇന്റർനാഷനൽ സീപോർട്സ് ലിമിറ്റഡ് എംഡി ഡോ. അദീല അബ്ദുള്ള പ്രസന്റേഷനും നിർവഹിക്കും. അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് എംഡിയും സിഇഒയുമായ രാജേഷ് ഝാ നന്ദി പറയും.
ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്ഷിപ്മെന്റ് പോർട്ടായ വിഴിഞ്ഞത്തിന്റെ ബ്രേക്ക് വാട്ടറുകളുടെ നിർമാണം 60 ശതമാനത്തിലധികം പൂർത്തിയായി. ആദ്യഘട്ടത്തിലെ 400 മീറ്റർ നീളം വരുന്ന ബർത്തിന്റെ നിർമാണവും അവസാനഘട്ടത്തിലാണ്.
വിഴിഞ്ഞം തുറമുഖത്തിനാവശ്യമായ ക്രെയിനുകളുമായി ആദ്യ കപ്പൽ അടുത്തമാസം നാലിനു തീരമണയും. കൂടുതൽ ക്രെയിനുകളുമായി രണ്ടാമത്തെ കപ്പൽ അടുത്ത മാസം 28 നും മൂന്നാമത്തെയും നാലാമത്തെയും കപ്പലുകൾ യഥാക്രമം നവംബർ 11നും 14നും തുറമുഖത്ത് നങ്കൂരമിടും.