കള്ളപ്പണക്കാരെ സംരക്ഷിക്കാൻ സർക്കാർ ശ്രമിക്കുന്നു: കെ. സുരേന്ദ്രൻ
Wednesday, September 20, 2023 12:30 AM IST
തിരുവനന്തപുരം: കരുവന്നൂർ ബാങ്ക് വഴി നോട്ടു നിരോധനസമയത്ത് കോടിക്കണക്കിനു രൂപ കള്ളപ്പണം വെളുപ്പിച്ച കേസിൽ പ്രതികളെ സംരക്ഷിക്കാൻ സർക്കാർ ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.
എ.സി. മൊയ്തീൻ എംഎൽഎ ഇഡിക്കു മുമ്പിൽ ഹാജരാകാതിരുന്നത് സിപിഎം നിർദേശത്തിനെ തുടർന്നാണ്. തൃശൂർ ജില്ലയിലെ മറ്റു പല ബാങ്കുകളിലായി 500 കോടിയിലധികം രൂപയുടെ കള്ളപ്പണം വെളുപ്പിച്ചുവെന്ന വാർത്ത ഞെട്ടിക്കുന്നതാണ്. ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് മഞ്ഞുമലയുടെ ഒരു അറ്റം മാത്രമാണ്.
സിപിഎമ്മിലെ സമുന്നതരായ പല നേതാക്കളുടെയും ബിനാമിയാണ് അറസ്റ്റിലായ സതീശൻ. ഉന്നതർ കുടുങ്ങുമെന്ന് മനസിലാതുകൊണ്ടാണ് ക്രൈംബ്രാഞ്ചിനെ ഉപയോഗിച്ച് കേസ് അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.