സോളാർ കമ്മീഷൻ: സി.ദിവാകരന്റെ വെളിപ്പെടുത്തലുകൾ കോൺഗ്രസ് ഗൗരവത്തിലെടുത്തില്ലെന്ന് കെ.സി. ജോസഫ്
Friday, June 9, 2023 1:04 AM IST
കോട്ടയം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് സിപിഎമ്മിനെയും ഇടതുമുന്നണിയെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന സിപിഐ നേതാവ് സി. ദിവാകരന്റെയും ഡിജിപിയായിരുന്ന എ. ഹേമചന്ദ്രന്റെയും വെളിപ്പെടുത്തലുകള്‍ കോണ്‍ഗ്രസ് വേണ്ട രീതിയില്‍ ഉപയോഗിച്ചില്ലെന്നു കെ.സി. ജോസഫ്.
വെളിപ്പെടുത്തലുകളില്‍ ഉത്തരവാദിത്വപ്പെട്ടവര്‍ പോലും പ്രതികരിച്ചില്ല. രാഷ്ട്രീയമായി ഉപയോഗിക്കുന്നതിനു പകരം ഈ വെളിപ്പെടുത്തലുകളെ ലാഘവത്തോടെ തള്ളിയെന്നാണ് ആരോപണം.
നല്ലൊരു പ്രചാരണായുധം ലഭിക്കുമ്പോള്‍ അല്പം വൈകിയാണെങ്കിലും കോണ്‍ഗ്രസ് നേതൃത്വം ഇത് ഗൗരവത്തിലെടുക്കണം. ഉമ്മന്‍ ചാണ്ടിയുടെ സത്യസന്ധതയും സംശുദ്ധമായ പൊതുജീവിതവും വെളിപ്പെടുന്ന അവസരത്തില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ലഭിക്കുന്ന അവസരമാണിത്. ഇതു പറഞ്ഞത് സിപിഐ നേതാവും കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥനുമാണ്. അതു വേണ്ടവിധത്തില്‍ ഉപയോഗിക്കാന്‍ സാധിക്കണമെന്നും കെ.സി. ജോസഫ് പറഞ്ഞു.സോളര്‍ കമ്മിഷനുമായി ബന്ധപ്പെട്ട ദിവാകരന്റെയും ഹേമചന്ദ്രന്റെയും വെളിപ്പെടുത്തലുകള്‍ ഗുരുതരമാണ്. ഇക്കാര്യത്തില്‍ സത്യം പുറത്തു കൊണ്ടുവരാന്‍ സര്‍ക്കാരിനു ചുമതലയുണ്ട്. പ്രത്യേകിച്ചും ഈ സമരത്തിന്റെ മുന്‍പന്തിയിലുണ്ടായിരുന്നത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയായിരുന്നു. അവര്‍ നിലപാടു വ്യക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.