പെൻഷൻകാരെ ബുദ്ധിമുട്ടിക്കുന്ന നിർദേശങ്ങളുമായി ട്രഷറി വകുപ്പ്
Thursday, June 8, 2023 2:42 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ 5.5 ലക്ഷത്തോളം വരുന്ന പെൻഷൻകാരെ ബുദ്ധിമുട്ടിക്കുന്ന തല തിരിഞ്ഞ നിർദേശങ്ങളുമായി ട്രഷറി വകുപ്പ്.
പെൻഷൻകാർ അധിക തുക കൈപ്പറ്റിയിട്ടുണ്ടെങ്കിൽ തിരിച്ചു പിടിക്കുന്നതിനുള്ള ചട്ടം 286 ഡി പ്രകാരമുള്ള സമ്മതപത്രം ധൃതിപിടിച്ചു സമർപ്പിക്കണമെന്ന പുതിയ നിർദേശവുമായി ട്രഷറി വകുപ്പു രംഗത്തെത്തി. കഴിഞ്ഞ വർഷം അധിക തുക കൈപ്പറ്റുന്നതുമായി ബന്ധപ്പെട്ട സമ്മതപത്രം സംസ്ഥാന സർക്കാർ പെൻഷൻകാർ ട്രഷറി വകുപ്പിനു സമർപ്പിച്ചിരുന്നു.
ഇക്കാലയളവിനിടയിൽ പെൻഷൻ തുക പരിഷ്കരണം പോലും നടന്നിട്ടില്ല. പെൻഷൻകാർക്ക് കുടിശികയുള്ള 15 ശതമാനം ഡിഎ നൽകാൻ പോലും സർക്കാർ തയാറായിട്ടില്ല. ഇതിനിടയിലാണ് വാർധക്യത്തിന്റെ അവശത പേറുന്ന പെൻഷൻകാരെ ബുദ്ധിമുട്ടിലാക്കുന്ന അനാവശ്യ നിർദേശങ്ങളുമായി ട്രഷറി വകുപ്പു രംഗത്ത് എത്തുന്നതെന്നാണു പരാതി.