ദുരന്തക്കാഴ്ചകളുടെ നടുക്കത്തില് സമീറ ടീച്ചറും കുടുംബവും
Sunday, June 4, 2023 12:41 AM IST
പയ്യന്നൂര്: ഒഡീഷയിലെ ട്രെയിന് അപകടത്തില്നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടുവെങ്കിലും മനസുലച്ച ദുരന്തക്കാഴ്ചകളുടെ നടുക്കത്തിലാണു പയ്യന്നൂര് നഗരസഭാ സ്ഥിരംസമിതി അധ്യക്ഷ ടി.പി. സമീറയും കുടുംബവും.
വെള്ളിയാഴ്ച രാത്രിയോടെ ഒഡീഷയില് അപകടത്തില്പ്പെട്ട ട്രെയിനിലെ യാത്രക്കാരായിരുന്നു സമീറ ടീച്ചറും ഭര്ത്താവ് പയ്യന്നൂര് എടാട്ട് സെന്ട്രല് സ്കൂള് ചരിത്ര അധ്യാപകന് വി. ഷംസുദ്ദീനും മകന് മുഹമ്മദ് സദ്ദനും. മൂത്ത മകനു ജോലി ലഭിച്ചതിനെത്തുടര്ന്ന് ഒരാഴ്ച മുമ്പ് കോൽക്കത്തയിൽ എത്തിയ ഇവരുടെ മടക്കയാത്ര സാന്ദ്രഗച്ചി റെയില്വേ സ്റ്റേഷനില്നിന്ന് ചെന്നൈയിലേക്കായിരുന്നു. ചെന്നൈയിലേക്കു വരുന്ന കോറമാണ്ഡല് എക്സ്പ്രസ് ട്രെയിനിലെ മധ്യഭാഗത്തുണ്ടായിരുന്ന ഡി 4 എസി കോച്ചിലായിരുന്നു ഇവർ.
ഇടിയുടെ ആഘാതത്തില് ട്രെയിന്പാളം തെറ്റി ഇപ്പോള് മറിയുമെന്നവണ്ണം കുറെ ദൂരം ഓടി. യാത്രക്കാര് പലരും ട്രെയിനിനകത്ത് മറിഞ്ഞുവീണു. എന്താണ് സംഭവിക്കുന്നതെന്നു മനസിലായില്ല. അല്പം കഴിഞ്ഞപ്പോള് നിന്ന ട്രെയിനിന്റെ വാതിലുകള് തുറക്കാനുള്ള ശ്രമം വിഫലമായി. ചരിഞ്ഞുനിന്ന കന്പാര്ട്ട്മെന്റിന്റെ മുകള്ഭാഗത്തേക്ക് ഒരുവിധം വലിഞ്ഞുകയറി. അവിടെനിന്ന് ഓടിയെത്തിയ നാട്ടുകാര്ക്കിടയിലേക്കു ചാടുകയായിരുന്നു.
പുറത്തെ ദൃശ്യങ്ങള് ഭയാനകമായിരുന്നു. മരണത്തോടു മല്ലടിക്കുന്ന നിരവധി പേരെ കണ്ടു. അപകടസ്ഥലത്ത് ഓടിയെത്തിയ പ്രദേശവാസികളായിരുന്നു രക്ഷാപ്രവര്ത്തനത്തിനു മുമ്പില്. അപകടസ്ഥലത്തുനിന്നു മെയിന് റോഡിലെത്തി അവിടെനിന്നു കാറില് ഭുവനേശ്വര് റെയില്വേ സ്റ്റേഷനിലെത്തി.
അപകടത്തില്പ്പെട്ട ട്രെയിനിലെ യാത്രക്കാര്ക്കായി റെയില്വേ എല്ലാ സൗകര്യങ്ങളുമുള്ള സ്പെഷല് ട്രെയിന് ഏര്പ്പാടാക്കിയിരുന്നു. ഭക്ഷണവും വെള്ളവും വൈദ്യസഹായവും റെയില്വേ ഒരുക്കിയിരുന്നു. ഈ ട്രെയിനില് ചെന്നൈയിലേക്കുള്ള യാത്രയിലാണു സമീറയും കുടുംബവും. ഇന്നു രാവിലെ ചെന്നൈയിലെത്തുമെന്നു സമീറ പറഞ്ഞു. രക്ഷപ്പെട്ടുവെന്ന് ആശ്വസിക്കുമ്പോഴും കുടുംബത്തിന്റെ നടുക്കം വിട്ടുമാറിയിട്ടില്ല.