ട്രെയിനിനു തീയിട്ട ബംഗാളി അറസ്റ്റിൽ
Saturday, June 3, 2023 1:52 AM IST
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷൻ യാർഡിൽ നിർത്തിയിട്ട ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ കോച്ചിനു തീയിട്ട സംഭവത്തിൽ പ്രതി അറസ്റ്റിൽ.
പശ്ചിമബംഗാൾ 24 സൗത്ത് ഫർഹാനസ് സ്വദേശി പ്രസോൺജിത്ത് സിക്തറിനെ (40) യാണ് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ മേൽനോട്ടത്തിൽ കണ്ണൂർ എസിപി ടി.കെ. രത്നകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയതത്.
വ്യാഴാഴ്ച പുലർച്ചെ ഒന്നോടെയായിരുന്നു ട്രെയിനിനു തീയിട്ടത്. സംഭവത്തിന് ഏതാനും മണിക്കൂറുകൾക്കകം പോലീസ് ഇയാളെ നഗരത്തിൽവച്ച് കസ്റ്റഡിയിലെടുത്തിരുന്നു. വിശദമായ ചോദ്യംചെയ്യലിനു ശേഷം ഇന്നലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
അതേസമയം ട്രെയിനിനു തീയിട്ട സംഭവത്തിൽ തീവ്രവാദമുൾപ്പെടെയുള്ള ബന്ധമുള്ള സൂചനകൾ ഒന്നുമില്ലെന്ന് ഉത്തരമേഖല ഐജി നീരജ് കെ. ഗുപ്ത പറഞ്ഞു. മൂന്നു ദിവസമായി തൊഴിലും കൈയിൽ പണവുമില്ലാത്തതിലുള്ള മാനസികപ്രയാസവും നിരാശയുമാണു പ്രതിയെ ഇത്തരമൊരു കടുംകൈയ്ക്കു പ്രേരിപ്പിച്ചതെന്ന് ഐജി നീരജ് കെ. ഗുപ്ത മാധ്യമങ്ങളോടു പറഞ്ഞു. കോൽക്കത്ത, ഡൽഹി എന്നിവിടങ്ങളിൽ ഇലക്ട്രിക് ജോലി നോക്കിയിരുന്നു.
പിന്നീട് വിവിധ സ്ഥലങ്ങളിൽ ഹോട്ടൽ സപ്ലെയറായും ജോലിയെടുത്ത പ്രസോൺ കഴിഞ്ഞ രണ്ടുവർഷമായി വലിച്ചെറിയുന്ന വാട്ടർ ബോട്ടിൽ ശേഖരിച്ച് വില്പന നടത്തിയാണു ജീവിക്കാനുള്ള പണം കണ്ടെത്തിയിരുത്തത്. പ്രസോൺ പശ്ചിമ ബംഗാളിൽനിന്നു ബുധനാഴ്ചയാണു തലശേരിയിൽ എത്തിയത്. അവിടെനിന്നു കാൽനടയായാണു പ്രതി കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയതെന്ന് ഐജി പറഞ്ഞു.
പിറ്റേന്നു പുലർച്ചെ 1.25 ഓടെയാണ് തീപ്പെട്ടി ഉപയോഗിച്ച് പ്രതി ട്രെയിനിനു തീ കൊളുത്തിയത്. ഇതിന്റെയടക്കം ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.
ഇതുവരെ നടത്തിയ അന്വേഷണത്തിൽ പെട്ടെന്നു തീ പിടിക്കുന്നതിനായി ഇന്ധനമോ മറ്റോ ഉപയോഗിച്ചതിനും തെളിവു ലഭിച്ചിട്ടില്ല. സംഭവത്തിൽ കൂട്ടുപ്രതികൾ ഉണ്ടെന്നതിനും ഇതുവരെ തെളിവില്ല. കൂടുതൽ പ്രതികൾ ഉണ്ടോ മറ്റെന്തെങ്കിലും ലക്ഷ്യം ഉണ്ടോ എന്നതിനെക്കുറിച്ചും പ്രത്യേക സംഘം വിശദമായി അന്വേഷിക്കും.
കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ മേൽനോട്ടത്തിൽ കണ്ണൂർ എസിപി ടി.കെ. രത്നകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇക്കാര്യം അന്വേഷിക്കുക. പ്രതിയെ പ്രത്യേക അന്വേഷണസംഘം കോടതിയിൽ ഹാജരാക്കുമെന്നും ഐജി നീരജ് കെ. ഗുപ്ത പറഞ്ഞു.