കാലവർഷം ഒരാഴ്ചയ്ക്കകം; വേനൽ മഴയിൽ കുറവ്
Monday, May 29, 2023 12:41 AM IST
തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ കാലവർഷം ഒരാഴ്ചയ്ക്കുള്ളിൽ സംസ്ഥാനത്ത് പെയ്തുതുടങ്ങുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സാധാരണയായി ജൂണ്‍ ഒന്നിനാണ് സംസ്ഥാനത്ത് കാലവർഷം തുടങ്ങുന്നത്. എന്നാൽ, ഇക്കുറി കാലവർഷമെത്താൻ വൈകുമെന്നും ജൂണ്‍ ഒന്നിനു മുൻപ് കാലവർഷം എത്തുമെന്നു പ്രതീക്ഷിക്കുന്നില്ലെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കിയിരുന്നു.
അതേസമയം, കാലവർഷക്കാറ്റ് ശക്തിപ്രാപിച്ചു തുടങ്ങിയതായാണ് നിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നത്. കാലവർഷക്കാറ്റിന്റെ ശക്തിയും താപനിലയും അടക്കം കാലവർഷം പെയ്തുതുടങ്ങാനാവശ്യമായ അനുകൂല സാഹചര്യങ്ങൾ ശക്തമായി നിലനിൽക്കുകയാണ്. രണ്ടു ദിവസത്തിനകം കാലവർഷം തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ നിക്കോബാർ ദ്വീപിലും എത്തിച്ചേരുമെന്നും തുടർന്നുള്ള മൂന്നു ദിവസത്തിനുള്ളിൽ കാലവർഷം കേരളത്തിൽ വരവറിയിക്കുമെന്നുമാണ് നിരീക്ഷണകേന്ദ്രത്തിന്റെ നിലവിലെ നിഗമനം.
അതേസമയം, സംസ്ഥാനത്ത് വേനൽമഴയിൽ 30 ശതമാനം കുറവാണ് ഇന്നലെ വരെ രേഖപ്പെടുത്തിയത്. മാർച്ച് ഒന്നു മുതൽ മേയ് 31 വരെ നീളുന്ന വേനൽക്കാലത്ത് ശരാശരി 361.5 മില്ലിമീറ്റർ മഴയാണ് കേരളത്തിൽ പെയ്യേണ്ടത്. എന്നാൽ, ഇന്നലെ വരെ പെയ്തത് 321.3 മില്ലമീറ്റർ മാത്രമാണ്. കൊല്ലം, കോട്ടയം, പത്തനംതിട്ട, വയനാട് ഒഴികെയുള്ള ജില്ലകളിൽ മഴക്കുറവ് രൂക്ഷമാണ്. കാസർഗോഡ് ജില്ലയിലാണ് മഴക്കുറവ് ഏറ്റവും രൂക്ഷമായി തുടരുന്നത്.
65 ശതമാനം മഴക്കുറവാണ് ജില്ലയിൽ രേഖപ്പെടുത്തിയിട്ടുള്ളത്. മലപ്പുറം, കണ്ണൂർ ജില്ലകളിൽ 58 ശതമാനവും കോഴിക്കോട്ട് 55 ശതമാനവും തൃശൂരിൽ 50 ശതമാനവും മഴക്കുറവാണ് ഇന്നലെ വരെ രേഖപ്പെടുത്തിയിട്ടുള്ളത്. എറണാകുളത്ത് 37 ശതമാനവും പാലക്കാട് 32 ശതമാനവും തിരുവനന്തപുരത്ത് 23 ശതമാനവുമാണ് മഴക്കുറവ്.
സംസ്ഥാനത്ത് ഇന്നലെ വരെ പെയ്ത മഴയുടെ കണക്ക് ജില്ല തിരിച്ച് മില്ലിമീറ്ററിൽ. ജില്ല-പെയ്ത മഴ(പെയ്യേണ്ടിയിരുന്ന മഴ) എന്ന ക്രമത്തിൽ.
ആലപ്പുഴ-311.8(391.7)
കണ്ണൂർ-91.6(219.6)
എറണാകുളം-229.7(366.8)
ഇടുക്കി-308.8(400.6)
കാസർഗോഡ്-76.1(217.3)
കൊല്ലം-333.4(399.5)
കോട്ടയം-338.4(402.4)
കോഴിക്കോട്-132.7(298)
മലപ്പുറം-112.4(270.6)
പാലക്കാട്-153.7(224.4)
പത്തനംതിട്ട-524.2(483.1)
തിരുവനന്തപുരം-265.6(346)
തൃശൂർ-148(294.1)
വയനാട്-215.1(231.5)