വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിന് തുടക്കം
Sunday, April 2, 2023 1:26 AM IST
ജോണ്സണ് വേങ്ങത്തടം
വൈക്കം: വൈക്കത്തു നടന്നത് ഇന്ത്യക്കു വഴികാട്ടിയായ പോരാട്ടമാണെന്നും രാജ്യത്ത് പലയിടത്തും അയിത്ത വിരുദ്ധസമരത്തിന് പ്രചോദനമായത് വൈക്കം സത്യഗ്രഹ സമരമാണെന്നും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്. ഉടല് രണ്ടാണെങ്കിലും ചിന്തകള്‍ കൊണ്ട് താനും മുഖ്യമന്ത്രി പിണറായി വിജയനും ഒന്നാണെന്നും സ്റ്റാലിന് കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന സര്‍ക്കാരിന്റെ 603 ദിവസം നീളുന്ന വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങള്‍ക്കു തുടക്കം കുറിച്ച് സമരസ്മരണകള്‍ ജ്വലിച്ചു നിന്ന വൈക്കം ബീച്ചിലെ വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു സ്റ്റാലിന്.
വൈക്കത്ത് എത്തണമെന്നതു തന്റെ വലിയ ആഗ്രഹമായിരുന്നു. അക്കാരണത്താലാണ് നിയമ സഭാസമ്മേളനം നടക്കു ന്ന സമയമായിരുന്നിട്ടും കേരള സര്‍ക്കാരിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നതിനായി എത്തിയത്. തമിഴ്നാട്ടിലും ഈ പോരാട്ടത്തിന്റെ പ്രതിധ്വനിയുണ്ടായി. തമിഴ്നാട്ടില്‍ നടക്കേണ്ട പോരാട്ടം കേരളത്തില്‍ സംഭവിക്കുകയായിരുന്നു. ഇതിന്റെ ശക്തിയില്‍ ഒട്ടേറെ പോരാട്ടങ്ങള്‍ തമിഴ്നാട്ടില്‍ സംഭവിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
വൈക്കം സത്യഗ്രഹം രാജ്യത്തിനു തന്നെ മാതൃകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടന പ്രസംഗത്തില്‍ വ്യക്തമാക്കി. രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കു നവോത്ഥാന മുന്നേറ്റത്തില്‍ പങ്കില്ലെന്ന പ്രചാരണം തെറ്റാണെന്നു തെളിയിച്ച പോരാട്ടമായിരുന്നു വൈക്കം സത്യഗ്രഹം.
പോരാട്ടത്തില്‍ ഒന്നിച്ചു നില്ക്കുക എന്ന വലിയ മാതൃകയാണ് സത്യഗ്രഹം മുന്നോട്ടുവച്ചതെന്നും തമിഴ്നാടും കേരളവും അതില്‍ ഒരുമിച്ചു നിന്നുവെന്നും പിണറായി വിജയന് കൂട്ടിച്ചേര്‍ത്തു. വൈക്കം സത്യഗ്രഹത്തിന്റെ പ്രൗഢിക്ക് ഒത്ത നിലയിലുള്ള സ്മാരകം വൈക്കത്ത് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
മന്ത്രി വി.എന്‍. വാസവന് അധ്യക്ഷത വഹിച്ചു. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് പുറത്തിറക്കുന്ന വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട പുസ്തകത്തിന്റെ മലയാളം, ഇംഗ്ലീഷ് പതിപ്പ് പ്രകാശനം തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനു നല്കി മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു.
ശതാബ്ദി ലോഗോ പ്രകാശനം സി.കെ. ആശ എംഎല്‍എയ്ക്കു നല്കി തമിഴ്നാട് മുഖ്യമന്ത്രി എംകെ. സ്റ്റാലിന് നിര്‍വഹിച്ചു. ശതാബ്ദി ആഘോഷ രൂപരേഖ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് അവതരിപ്പിച്ചു. "വഴിവിളക്കായ വൈക്കം' എന്ന പിആര്‍ഡിയുടെ കൈപ്പുസ്തകത്തിന്റെ പ്രകാശനം തോമസ് ചാഴികാടന് എംപിക്ക് നല്കി സ്റ്റാലിന് നിര്‍വഹിച്ചു.
മന്ത്രിമാരായ സജി ചെറിയാന്, കെ. രാധാകൃഷ്ണന്, കെ. കൃഷ്ണന് കുട്ടി, ആന്റണി രാജു, അഹമ്മദ് ദേവര്‍കോവില്‍, ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, എംപിമാരായ ടി.ആര്. ബാലു, ജോസ് കെ. മാണി, ബിനോയ് വിശ്വം, സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്, കെപിഎംഎസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു.