സ്കൂൾ തുറക്കുംമുന്‍പ് സൗജന്യ യൂണിഫോം വിതരണം ചെയ്യും
Sunday, March 26, 2023 1:35 AM IST
കളമശേരി: സംസ്ഥാനത്തെ 9,32,898 വിദ്യാര്‍ഥികള്‍ക്ക് സ്കൂള്‍ തുറക്കും മുമ്പ് സൗജന്യ യൂണിഫോം വിതരണം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. സ്കൂള്‍ കുട്ടികള്‍ക്കുള്ള കൈത്തറി യൂണിഫോം വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഏലൂര്‍ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ഇക്കുറി 4,75,242 ആണ്‍കുട്ടികള്‍ക്കും 4,57,656 പെണ്‍കുട്ടികള്‍ക്കുമാണ് യൂണിഫോം നല്‍കുന്നത്. ഇതിനായി 42.5 ലക്ഷം മീറ്റര്‍ തുണിയാണു കൈത്തറി വകുപ്പ് തയാറാക്കി പൊതുവിദ്യാഭ്യാസ വകുപ്പിനു കൈമാറുന്നത്. തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള വടക്കന്‍ ജില്ലകളില്‍ ഹാന്‍ഡ്വീവും എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള തെക്കന്‍ ജില്ലകളില്‍ ഹാന്‍ടെക്സുമാണ് വിതരണം ചെയ്യുക.
അധ്യാപകരുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനായി അവധിക്കാലത്ത് റസിഡന്‍ഷ്യല്‍ പരിശീലനം നല്‍കുമെന്നും ലഹരിക്കെതിരേയുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അവധിക്കാലത്ത് രക്ഷകര്‍ത്താക്കള്‍ക്ക് ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള പരിശീലനം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
ഏലൂര്‍ ജിഎല്‍പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥി ഗോപീകൃഷ്ണനു യൂണിഫോം നല്‍കിയായിരുന്നു പദ്ധതി ഉദ്ഘാടനം ചെയ്തത്. ചടങ്ങിൽ മന്ത്രി പി. രാജീവ് അധ്യക്ഷത വഹിച്ചു.
പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ കെ. ജീവന് ബാബു, ഏലൂര്‍ നഗരസഭാധ്യക്ഷന്‍ എ.ഡി. സുജില്‍ തുടങ്ങിയവരും പങ്കെടുത്തു.