"റബർ രാഷ്ട്രീയം' പറഞ്ഞപ്പോൾ മുടങ്ങിക്കിടന്ന ഇൻസെന്റീവ് കർഷകരുടെ അക്കൗണ്ടുകളിൽ
Thursday, March 23, 2023 2:17 AM IST
റെനീഷ് മാത്യു
കണ്ണൂർ: മുടങ്ങിക്കിടന്ന ഇൻസെന്റീവ് റബർ കർഷകരുടെ അക്കൗണ്ടുകളിൽ എത്തിത്തുടങ്ങി. കഴിഞ്ഞ സെപ്റ്റംബർ മുതൽ റബർ കർഷകർക്ക് ഇൻസെന്റീവ് ലഭിച്ചിരുന്നില്ല. ആദ്യമായിട്ടായിരുന്നു ഇത്രയും നാൾ മുടങ്ങിയത്. സെപ്റ്റംബർ മുതൽ ഡിസംബർ വരെയുള്ള കുടിശികയാണു കർഷകരുടെ അക്കൗണ്ടുകളിൽ എത്തിയത്. ചിലർക്കു നവംബർ വരെയുള്ള തുകയാണു ലഭിച്ചിരിക്കുന്നത്.
റബറിന്റെ വിലസ്ഥിരതാ ഫണ്ട് 170 രൂപയാണ്. സാധാരണയായി മൂന്നുമാസം കൂടുന്പോൾ ഇൻസെന്റീവ് തുക കർഷകരുടെ അക്കൗണ്ടുകളിൽ എത്തിയിരുന്നു. എന്നാൽ, കഴിഞ്ഞ ഏഴുമാസമായി ഇതു മുടങ്ങിക്കിടക്കുകയായിരുന്നു.
തലശേരി അതിരൂപത കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ ആലക്കോട്ട് സംഘടിപ്പിച്ച കർഷകജ്വാലയിൽ തലശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി, കേന്ദ്രം ഭരിക്കുന്ന സർക്കാരിനോട് റബറിന് 300 രൂപ നല്കിയാൽ വോട്ട് തരാമെന്നു പറഞ്ഞിരുന്നത് ഏറെ രാഷ്ട്രീയ ചർച്ചകൾക്കു തിരികൊളുത്തിയിരുന്നു.
ഒപ്പം, റബർ കർഷകരുടെ അവസ്ഥയും ചർച്ചയായി. രണ്ടാം പിണറായി സർക്കാരിന്റെ പ്രകടനപത്രികയിൽ റബറിന് 250 രൂപ നിരക്കിൽ ഇൻസെന്റീവ് നൽകുമെന്നു പ്രഖ്യാപിച്ചിരുന്നതു നടപ്പാക്കാത്തതും ചർച്ചയായി. റബർ കർഷകരുടെ ആവശ്യങ്ങളുമായി വിവിധ രാഷ്ട്രീയ പാർട്ടികളും രംഗത്തുവന്നിരുന്നു.