പ്രാർഥന പ്രകടനമാകരുത്
Wednesday, March 22, 2023 12:12 AM IST
ഫാ. മൈക്കിൾ കാരിമറ്റം
‘നിങ്ങൾ പ്രാർഥിക്കുന്പോൾ കപടനാട്യക്കാരെപ്പോലെ ആകരുത്. അവർ മറ്റുള്ളവരെ കാണിക്കാൻവേണ്ടി സിനഗോഗുകളിലും തെരുവീഥികളുടെ കോണുകളിലുംനിന്നു പ്രാർഥിക്കാനാണ് ഇഷ്ടപ്പെടുന്നത്’ (മത്താ 6,5-8).
മതാത്മക ജീവിതത്തെ പ്രശംസയും അംഗീകാരവും പിടിച്ചുപറ്റാനുള്ള പ്രകടനമാക്കുന്നതിനെതിരേ യേശു ശക്തമായ താക്കീതുകൾ നൽകിയിട്ടുണ്ട്. അതിൽ ഒന്നാണ് പ്രാർഥനയെ സംബന്ധിക്കുന്ന താക്കീതും നിർദേശവും. ഇതിനും ഒരു ചരിത്രപശ്ചാത്തലമുണ്ട്.
യേശുവിന്റെ കാലത്ത് യഹൂദർ പൊതുവേ ദിവസം മൂന്നുതവണ പ്രാർഥിച്ചിരുന്നു. ഔദ്യോഗികമായ ഈ പ്രാർഥന ഇന്നും അവർ തുടരുന്നു. നിശ്ചിത പ്രാർഥനകൾ ഉരുവിടുകയാണ് ചെയ്യുന്നത്. പ്രഭാതപ്രാർഥന ‘ഷഹാരി’ എന്നും സായാഹ്നപ്രാർഥന ‘മിൻഹാ’ എന്നും രാത്രിപ്രാർഥന ‘മാറിവ്’ അഥവാ ‘അർവിത്’ എന്നും അറിയപ്പെടുന്നു. പൗരസ്ത്യ സഭകളിൽ പൊതുവേ സപ്ര, റംശ, ലെലിയ എന്നീ പേരിൽ അറിയപ്പെടുന്ന പ്രാർഥനകൾ ഈ യഹൂദ പ്രാർഥനാക്രമത്തെ അനുസ്മരിപ്പിക്കുന്നു.
പ്രാർഥനാസമയം വിളിച്ചറിയിക്കാനായി ദേവാലയത്തിൽനിന്നു കാഹളം മുഴക്കും. ഇന്ന് ക്രിസ്തീയ ദേവാലയങ്ങളിൽനിന്നു മണിയടിയും ക്ഷേത്രങ്ങളിൽനിന്ന് ശംഖുവിളിയും മോസ്കുകളിൽനിന്ന് വാങ്ക് വിളിയും ഉയരുന്നതുപോലെ. പ്രാർഥനയ്ക്കുള്ള കാഹളം കേൾക്കുന്പോൾ ആയിരിക്കുന്ന ഇടത്തിൽനിന്നു പരസ്യമായി, ഉച്ചത്തിൽ പ്രാർഥിക്കുക യഹൂദർക്കു പതിവായിരുന്നു. അതു സിനഗോഗിലോ വഴിക്കവലയിലോ എവിടെയായാലും അവർ പ്രാർഥിക്കും. ഈ ആചാരമാണ് യേശുവിന്റെ താക്കീതിന്റെയും നിർദേശങ്ങളുടെയും ചരിത്രപശ്ചാത്തലം.
അതുകൊണ്ട്, പരസ്യപ്രാർഥന അരുതെന്നോ അതിന് അർഥമില്ലെന്നോ ഒന്നും ഈ ഗുരുമൊഴികൾ പറയുന്നില്ല. മറിച്ച് എന്തായിരിക്കണം പ്രാർഥനയുടെ ശൈലി, മനോഭാവം എന്നു പഠിപ്പിക്കുക മാത്രമാണ്. മറ്റുള്ളവരെ കാണിക്കാൻവേണ്ടി നടത്തുന്ന ഒരു പ്രകടനമല്ല പ്രാർഥന. മറിച്ച് ദൈവത്തോടു നടത്തുന്ന സംഭാഷണമാണ്. അതിനു ശാന്തതയും നിശബ്ദതയും ഏകാഗ്രതയും ആവശ്യമാണ്. മുറിയിൽ കടന്ന് കതകടച്ച് രഹസ്യത്തിൽ പിതാവിനോടു പ്രാർഥിക്കണം എന്നതുകൊണ്ട് ഇതാണർഥമാക്കുക.
പ്രാർഥനയിൽ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ‘വാചാലത’ വേണ്ട എന്നതത്രേ. എല്ലാം അറിയുന്ന ദൈവത്തിനു മുന്പിൽ അധികമൊന്നും പറയണമെന്നില്ല. ഒരു മകനുവേണ്ടി യാചിച്ച ഹന്നായുടെചിത്രം ഇവിടെ മാതൃകയാകുന്നു: ‘അവൾ ഹൃദയത്തിൽ സംസാരിക്കുകയായിരുന്നു. അധരം മാത്രമേ ചലിച്ചിരുന്നുള്ളൂ’ (1 സാമു 1,13). ഇവിടെയും തെറ്റിദ്ധാരണയരുത്. വാചികപ്രാർഥന വേണ്ടെന്നല്ല, വാതോരാതെ ഒരുപാടു കാര്യങ്ങൾ പറഞ്ഞുകൂട്ടുന്നതിലല്ല, എന്നെ പൂർണമായി അറിയുന്ന പിതാവിനോടാണ് ഞാൻ പ്രാർഥിക്കുന്നത് എന്ന ബോധ്യത്തോടെ ഹൃദയം തുറക്കുന്നതിലാണ് ശ്രദ്ധിക്കേണ്ടത്.
ഈ രണ്ടു കാര്യങ്ങളും മുഖ്യമായും വ്യക്തിപരമായ പ്രാർഥനകളെയാണ് ലക്ഷ്യംവയ്ക്കുന്നതെങ്കിലും സമൂഹപ്രാർഥനയിലും ഈ മനോഭാവം കാത്തുസൂക്ഷിക്കണം. ഇതിനെല്ലാം മാതൃകയാണ് യേശു പഠിപ്പിച്ച പ്രാർഥന. ദൈവത്തെ ‘ഞങ്ങളുടെ പിതാവേ’ എന്നു വിളിച്ച്, എല്ലാ യാചനകളിലൂടെയും ഹൃദയം തുറക്കാൻ പഠിപ്പിക്കുന്ന പ്രാർഥന. നോന്പുകാലത്തു മാത്രമല്ല, എല്ലാക്കാലത്തും പ്രസക്തവും അനിവാര്യവുമായ പ്രാർഥനയാണത്.