ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ഐസിയുവില് പീഡിപ്പിച്ച അറ്റന്ഡര് അറസ്റ്റില്
Tuesday, March 21, 2023 1:46 AM IST
കോഴിക്കോട്: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കു വിധേയയായ യുവതിയെ പീഡിപ്പിച്ച അറ്റൻഡർ അറസ്റ്റിൽ. അന്വേഷണത്തില് വടകര വില്യാപ്പള്ളി മയ്യന്നൂർ കുഴിപ്പറമ്പത്ത്സ്വദേശിയും ആശുപത്രിയിലെ ഗ്രേഡ് വണ് അറ്റന്ഡറുമായ ശശിധരൻ(55) ആണ് അറസ്റ്റിലായത്.
മെഡിക്കല് കോളജ് അസി.കമ്മീഷണര് കെ.സുദര്ശന്, ഇന്സ്പെക്ടര് എം.എല്.ബെന്നിനാല് എന്നിവര് ചേര്ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ചോദ്യംചെയ്യലില് പ്രതി കുറ്റം സമ്മതിച്ചു. ഇയാളെ അന്വേഷണവിധേയമായി സസ്പെന്ഡ് ചെയ്തതായി മെഡിക്കല് കോളജ് സൂപ്രണ്ട് അറിയിച്ചു. ശനിയാഴ്ച രാവിലെ തൈറോയിഡ് ശസ്ത്രക്രിയയ്ക്കു ശേഷം യുവതിയെ സ്ത്രീകളുടെ സർജിക്കൽ ഐസിയുവിൽ പ്രവേശിപ്പിച്ചപ്പോഴായിരുന്നു സംഭവം.
ഐസിയുവിലെ മറ്റൊരു രോഗിയുടെ സ്ഥിതി ഗുരുതരമായതിനെത്തുടർന്നു ജീവനക്കാരെല്ലാം അവിടെയായിരുന്നു. ശസ്ത്രക്രിയയ്ക്കു ശേഷം മയക്കം പൂർണമായും മാറാത്ത അവസ്ഥയിലായിരുന്ന യുവതി പിന്നീടാണ് ബന്ധുക്കളോടു വിവരം പറഞ്ഞത്. തുടർന്ന് പോലീസില് പരാതി നൽകുകയായിരുന്നു. ഐസിയുവിലെ നഴ്സിനോടു പരാതിപ്പെട്ടതിനെ തുടർന്ന് ആശുപത്രി അധികൃതരും വിവരങ്ങൾ ശേഖരിച്ചിരുന്നു.
ജീവനക്കാരനെ സസ്പെൻഡ് ചെയ്തു
തിരുവനന്തപുരം: കോഴിക്കോട് മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയോടു ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിൽ ജീവനക്കാരനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു.
സംഭവം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് അടിയന്തരമായി അന്വേഷിച്ചു നടപടി സ്വീകരിക്കാൻ ആരോഗ്യമന്ത്രി വീണാ ജോർജ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കു നിർദേശം നൽകിയിരുന്നു.