നികുതിക്കൊള്ള സാധാരണക്കാരന്റെ നടുവൊടിക്കും: വി.ഡി. സതീശൻ
Saturday, February 4, 2023 5:57 AM IST
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ യഥാർഥ ധന പ്രതിസന്ധി മറച്ചുവച്ചുള്ള നികുതിക്കൊള്ളയാണ് മന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ഒരു നിയന്ത്രണവുമില്ലാതെ അശാസ്ത്രീയമായി എല്ലാമേഖലയിലും നികുതിവർധന അടിച്ചേല്പിക്കുകയാണ്. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടുരൂപ സെസ് വീതവും മദ്യത്തിന് 251 ശതമാനവുമാണ് നികുതി. മദ്യവില കൂട്ടുന്നത് മയക്കുമരുന്ന് ഉപയോഗത്തിലേക്ക് തള്ളിവിടും.
3000 കോടിയുടെ നികുതിക്കു പുറമേ കെട്ടിടനികുതിയായി 1000 കോടി പിരിക്കാൻ തദ്ദേശ സ്ഥാപനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. ഇതോടെ കൂട്ടുന്ന നികുതി ഭാരം 4000 കോടിയുടേതാകും. ഇതിനെതിരേ യുഡിഎഫ് പ്രത്യക്ഷ സമരത്തിലേക്കിറങ്ങുകയാണ്.
ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ട് പ്രകാരം 19 സംസ്ഥാനങ്ങളിൽ അഞ്ചുവർഷത്തിനിടെ ഏറ്റവും കുറച്ച് നികുതി പിരിച്ച സംസ്ഥാനമാണ് കേരളം. മുൻ ബജറ്റുകളിലെ ഇടുക്കി, കുട്ടനാട്, തീരദേശ പാക്കേജുകൾ എവിടെപ്പോയെന്ന് അദ്ദേഹം ചോദിച്ചു. ഈ ബജറ്റിൽ ഇടുക്കിക്ക് 75ഉം വയനാടിന് 25 ഉം കോടിയുടെ പാക്കേജാണ് പ്രഖ്യാപിച്ചത്. പാക്കേജ് പ്രഖ്യാപനത്തിനും ബജറ്റ് പ്രഖ്യാപനത്തിനും വിശ്വാസ്യത നഷ്ടപ്പെട്ടതായി അദ്ദേഹം പറഞ്ഞു.
റബറിന്റെ താങ്ങുവില 250 രൂപയായി വർധിപ്പിക്കുമെന്ന പ്രഖ്യാപനം നടപ്പായില്ല. കിഫ്ബിയുടെ പ്രസക്തി ഇല്ലാതായി. പ്രതിപക്ഷം മുന്നറിയിപ്പ് നൽകിയതുപോലെ കിഫ്ബി ഇപ്പോൾ ബജറ്റിനകത്തു വന്നതായി അദ്ദേഹം പറഞ്ഞു.