ലയനം: പാർലമെന്ററി ബോർഡ് സ്ഥാനം ജെഡിഎസിന്
Sunday, January 29, 2023 12:39 AM IST
കോഴിക്കോട്: എം.വി. ശ്രേയാംസ്കുമാർ നേതൃത്വം നൽകുന്ന ലോകതാന്ത്രിക് ജനതാദൾ-എൽജെഡി മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ നേതൃത്വം നൽകുന്ന ജനതാദൾ-എസിൽ ലയിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ അവസാന ഘട്ടത്തിൽ.
നേരത്തെ ഇരു പാർട്ടികളും ലയനസമ്മേളനത്തെ തത്വത്തിൽ അംഗീകരിച്ചിരുന്നു. എന്നാൽ പാർലമെന്ററി ബോർഡ് സ്ഥാനവും ജില്ലാ പ്രസിഡന്റ് സ്ഥാനങ്ങളുടെ വീതം വയ്പ്പുമാണ് പൂർത്തിയാവാതിരുന്നത്. ഇതിനായി ഏഴംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു.
ഏഴംഗ കമ്മിറ്റി ഇന്നു ചേരുന്ന യോഗത്തിൽ വിഷയങ്ങൾ ചർച്ച ചെയ്ത് ലയന സമ്മേളന തിയതി തീരുമാനിക്കുമെന്നാണ് വിവരം. പാർലമെന്ററി ബോർഡ് സ്ഥാനവും ജെഡിഎസിന് വിട്ടു നൽകാനാണ് എൽജെഡി തീരുമാനമെന്ന് നേതാക്കൾ പറഞ്ഞു. നേരത്തെ മന്ത്രി സ്ഥാനത്തിലും സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തിലും എൽജെഡി കടുംപിടിത്തം ഉപേക്ഷിച്ചിരുന്നു.
സ്ഥാന സെക്രട്ടറി ജനറൽ സ്ഥാനവും സീനിയർ വൈസ് പ്രസിഡന്റ് സ്ഥാനവും എൽജെഡിക്ക് നൽകാനാണ് നേരത്തെ ധാരണയായിരുന്നത്.