വാളയാറിൽ വിജിലൻസ് റെയ്ഡ്; ആർടിഒ ചെക്പോസ്റ്റിൽ അനധികൃത പണപ്പിരിവ്
Wednesday, December 7, 2022 12:27 AM IST
വാളയാർ: ആർടിഒ ഇൻ ചെക്പോസ്റ്റിൽ അനധികൃത പണപ്പിരിവ് കണ്ടെത്തി വിജിലൻസ്. റെയ്ഡിൽ 7,200 രൂപയുടെ കൈക്കൂലിപ്പണം പിടിച്ചെടുത്തു.
ശബരിമല തീർഥാടകരും കേരളത്തിലേക്കു വരുന്ന മറ്റു വാഹനങ്ങളിലെ ഡ്രൈവർമാരുമാണ് ഇവരുടെ പ്രധാന ഇരകൾ. തിങ്കളാഴ്ച രാത്രി വിജിലൻസ് നടത്തിയ മിന്നൽ റെയ്ഡിലാണു കൈക്കൂലിപ്പണം പിടിച്ചെടുത്തത്. ആറ് ഉദ്യോഗസ്ഥരാണു റെയ്ഡ് സമയത്ത് ചെക്പോസ്റ്റിലുണ്ടായിരുന്നത്.
പണം വാങ്ങുന്നതും വിജിലൻസിനെ കണ്ട് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥൻ പണം തിരികെ നൽകുന്നതുമായ ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. സംഭവത്തെക്കുറിച്ച് വിജിലൻസിനു രഹസ്യവിവരവും ലഭിച്ചിരുന്നു.
തുടർന്ന് അയ്യപ്പന്മാരുടെ വേഷത്തിലെത്തി നിജസ്ഥിതി കണ്ടെത്തി. വിജിലൻസ് സംഘം ചെക്പോസ്റ്റിലുണ്ടെന്നു മനസിലാക്കിയ ഉദ്യോഗസ്ഥർ ഡ്രൈവർ രേഖകൾക്കൊപ്പം നൽകിയ പണം വേണ്ടെന്നും പറഞ്ഞു.
മിനിറ്റുകൾക്കു മുന്പ് ഇതായിരുന്നില്ല സ്ഥിതിയെന്നു വിജിലൻസ് നടത്തിയ സിസി ടിവി പരിശോധനയിൽ തെളിഞ്ഞു. തുടർന്ന് പരിശോധനയിൽ 7,200 രൂപ കൈക്കൂലിപ്പണം കണ്ടെത്തുകയായിരുന്നു.