വിഴിഞ്ഞം സമരത്തിൽ സർക്കാരിന്റേത് പക്വമായ നിലപാടെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ
Monday, December 5, 2022 2:31 AM IST
കണ്ണൂർ: വിഴിഞ്ഞം സമരത്തിൽ വളരെ പക്വമായ നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. ഔപചാരികമായും അനൗപചാരികമായും മന്ത്രിമാരുടെ സംഘം പലതവണ ബന്ധപ്പെട്ടവരുമായി ആശയ വിനിമയങ്ങൾ നടത്തിയിട്ടുണ്ട്.
പദ്ധതിയുമായി ഒരുകാരണവശാലും മുന്നോട്ട് പോകരുതെന്നാണ് സമരം നയിക്കുന്നവരുടെ നിലപാട്. എന്നാൽ 80 ശതമാനത്തോളം പൂർത്തിയായ ഒരു പദ്ധതി ഉപേക്ഷിക്കുക എന്നത് ഈ ഗവൺമെന്റിനെന്നല്ല ഒരു ഗവൺമെന്റിനും സ്വീകരിക്കാൻ പറ്റുന്നതല്ലെന്നും മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.
പദ്ധതി ഉപേക്ഷിക്കുക എന്നതൊഴിച്ച് ഏതുകാര്യവും തുറന്ന മനസോടെ ചർച്ച ചെയ്യാൻ സർക്കാർ തയാറാണ് .പോലീസ് സ്റ്റേഷൻ ആക്രമിച്ചിട്ടുപോലും പോലീസിന്റെ ഭാഗത്തുനിന്ന് പ്രകോപനപരമായ നിലപാടുകൾ ഒന്നുമുണ്ടായിട്ടില്ല. വളരെ സംയമനത്തോടെയാണ് സർക്കാരും പ്രശ്നങ്ങളെ കാണുന്നത്.
കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് ചിന്തിക്കുന്ന ആർക്കും വിഴിഞ്ഞം തുറമുഖ പദ്ധതി വേണ്ടെന്നുവയ്ക്കാൻ ആവില്ല. സർവകക്ഷി യോഗത്തിലും ആ വികാരമാണുണ്ടായതെന്നും മന്ത്രി പറഞ്ഞു.