തെളിവില്ലാത്ത കേസുകളിൽ പ്രതിയാക്കാൻ കാട്ടുന്ന ജാഗ്രത പ്രശംസനീയം: കെ. സുധാകരൻ
Sunday, August 14, 2022 12:17 AM IST
തിരുവനന്തപുരം: തെളിവില്ലാത്ത കേസുകളിൽ തന്നെ പ്രതിയാക്കാൻ സർക്കാർ കാട്ടുന്ന ജാഗ്രത പ്രശംസനീയമാണെന്നു പരിഹസിച്ച് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി.
1995ലുണ്ടായ ട്രെയിനിലെ വെടിവയ്പ് കേസിലും മോൻസൻ മാവുങ്കൽ കേസിലും തന്നെ പ്രതിസ്ഥാനത്ത് നിർത്താനാണ് സർക്കാരും ആഭ്യന്തര വകുപ്പും ശ്രമിക്കുന്നത്. എന്നാൽ ഈ രണ്ടു കേസുകളിലും തനിക്കെതിരായി ഒരു തെളിവും സർക്കാരിന്റെ കൈയിലില്ലെന്നതാണ് വാസ്തവം.
ഏകപക്ഷീയമായ നടപടികളിലൂടെ തന്നെ കുടുക്കാൻ സർക്കാരിനെ പ്രേരിപ്പിക്കുന്ന ചേതോവികാരം അദ്ഭുതപ്പെടുത്തുന്നതാണ്. രാഷ്ട്രീയത്തെ രാഷ്ട്രീയം കൊണ്ടുനേരിടുന്നതാണ് ജനാധിപത്യ ശൈലി. മറിച്ച്, ഗൂഢാലോചന നടത്തിയും വളഞ്ഞ വഴിയിലൂടെയും വേട്ടയാടാൻ ശ്രമിക്കുന്നത് ഭീരുത്വമാണ്.
ഭരണഘടനയെ ബഹുമാനിക്കാത്ത, രാജ്യത്തിന്റെ ആത്മാഭിമാനത്തെ ചോദ്യംചെയ്യുന്ന ജനപ്രതിനിധികളുടെ കൂടാരമാണ് എൽഡിഎഫ്. ദേശവിരുദ്ധ പരാമർശം നടത്തിയ കെ.ടി. ജലീലിനെ സംരക്ഷിക്കുകയാണ് സിപിഎമ്മും മുഖ്യമന്ത്രിയും.
ജലീൽ നടത്തിയ പരാമർശത്തിന്റെ ഗൗരവം ചൂണ്ടിക്കാണിക്കാനും തെറ്റുതിരുത്തി മാപ്പ് പറയാനും നിർദേശിക്കാനുമുള്ള ആർജവം കൈമോശം വന്നവരാണ് സിപിഎമ്മിന്റെയും സർക്കാരിന്റെയും തലപ്പത്തിരിക്കുന്നത്. കഴിവും പ്രാപ്തിയുമുള്ള മന്ത്രിമാർ കുറവെന്ന് പരസ്യമായി സമ്മതിച്ച ഗതികെട്ട മുഖ്യമന്ത്രിയുടെ തനിക്കെതിരായ രാഷ്ട്രീയ പ്രതികാര നടപടിയെ തികഞ്ഞ അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നും കെ. സുധാകരൻ പറഞ്ഞു.