ഉന്നതവിദ്യാഭ്യാസ പരിഷ്കരണ കമ്മീഷൻ റിപ്പോർട്ട് നാളെ കൈമാറും
Monday, August 8, 2022 12:34 AM IST
തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ പരിഷ്കരണത്തിനായി സംസ്ഥാന സർക്കാർ നിയോഗിച്ച ശ്യാം. ബി. മേനോൻ ചെയർമാനായ കമ്മീഷന്റെ റിപ്പോർട്ട് നാളെ ഉന്നത വിദ്യാഭ്യാസ കമ്മീഷനു കൈമാറും. തുടർന്ന്, രണ്ടു ദിവസങ്ങളിലായി ഉന്നതവിദ്യാഭ്യാസ പരിഷ്കരണ കമ്മീഷൻ, സർവകലാശാലാ നിയമ പരിഷ്കരണ കമ്മീഷൻ, പരീക്ഷാ പരിഷ്കരണ കമ്മീഷൻ എന്നിവയുടെ റിപ്പോർട്ടുകൾ നടപ്പാക്കുന്നത് സംബന്ധിച്ച് സർവകലാശാലാ പ്രതിനിധികളുമായുള്ള പ്രാഥമിക കൂടിയാലോചനയും നടക്കും.
നാളെ രാവിലെ 9.30ന് രജിസ്ട്രേഷനോടെ ഉദ്ഘാടനമടക്കമുള്ള വിവിധ സെഷനുകൾക്ക് തുടക്കമാവും. ഉന്നത വിദ്യാഭ്യാസ പരിഷ്കരണ കമ്മീഷൻ, സർവകലാശാലാ നിയമ പരിഷ്കരണ കമ്മീഷൻ, പരീക്ഷാ പരിഷ്കരണ കമ്മീഷൻ അംഗങ്ങൾ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിക്കും.