പ്രത്യേക നിയമസഭാ സമ്മേളനം സർക്കാരിന്റെ പരിഗണനയിൽ
Sunday, August 7, 2022 2:08 AM IST
തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി സ്വാതന്ത്ര്യദിനാഘോഷത്തിനു ശേഷം പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർക്കുന്നത് സർക്കാർ പരിഗണിക്കുന്നു. നിയമസഭാ സമ്മേളനം ചേരുന്നതിനു ഗവർണറോട് ശിപാർശ ചെയ്യുന്ന വിഷയം അടുത്ത ആഴ്ചയിലെ മന്ത്രിസഭായോഗത്തിൽ ചർച്ച ചെയ്യും.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിന്റെ ഭാഗമായി പ്രത്യേക സഭാ സമ്മേളനം ചേരണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ കഴിഞ്ഞ ദിവസം സ്പീക്കർ എം.ബി. രാജേഷിനും മുഖ്യമന്ത്രി പിണറായി വിജയനും കത്ത് നൽകിയിരുന്നു.
സ്പീക്കർക്ക് നൽകിയ കത്ത് ഉചിതമായ തീരുമാനം എടുത്ത് അറിയിക്കാൻ നിർദേശിച്ചു മുഖ്യമന്ത്രിക്ക് കൈമാറി. 15ന് ശേഷം പ്രതിപക്ഷത്തിനും സൗകര്യപ്രദമായ ദിവസം നോക്കി സഭാ സമ്മേളനം വിളിക്കാനാണ് ആലോചിക്കുന്നത്.
ഭരണഘടനാ തത്വങ്ങൾ സംരക്ഷിക്കുന്നതിനായി ഒന്നിച്ചു പോരാടുമെന്ന പ്രമേയം പാസാക്കലാവും സമ്മേളനത്തിന്റെ മുഖ്യ അജൻഡ.